ആമ്പല്ലൂർ: വീട്ടുകാരിൽ ആശങ്കയുണർത്തി വീടിവന്റെ ഭിത്തിയിലും മതിലിലും കറുത്ത സ്റ്റിക്കർ. ആമ്പല്ലൂർ കീച്ചേരി തെക്കേപ്പുരക്കൽ സന്തോഷിന്റെ വീട്ടിലാണ് സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ചുള്ള സ്റ്റിക്കർ പുറംഭിത്തിയിലും ടെറസിലുള്ള ഭിത്തിയിലും പതിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഇന്നലെ സന്ധ്യക്ക് സന്തോഷിന്റെ മൂത്ത മകൻ ആദിത്യൻ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ മതിലിൽ ഹെൽമറ്റ് ധരിച്ച അപരിചിതൻ ചാരി നിൽക്കുന്നതും അൽപ്പം മുന്നിലായി ബൈക്കിൽ മറ്റൊരാളെയും കണ്ടതായി പറയുന്നു. പിന്നീട് ശ്രദ്ധിച്ചപ്പോൾ മതിലിൽ സ്റ്റിക്കർ കണ്ടെങ്കിലും കാര്യമാക്കാതെ പൊളിച്ചു കളയുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് വീടിന്റെ പുറംഭിത്തിയിൽ പതിച്ച സ്റ്റിക്കർ ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ പകൽ വീട്ടിൽ ആരുമില്ലായിരുന്നെന്ന് സന്തോഷിന്റെ ഭാര്യ സുനൈന പറഞ്ഞു. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സന്തോഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.