തൊടുപുഴ: വീട്ടിൽ കുട്ടികളുണ്ടോ സൂക്ഷിച്ചോണേ!. തൊടുപുഴ നഗരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ സ്റ്റിക്കർ പതിഞ്ഞതു കണ്ടു പരിഭ്രാന്തരായി വീട്ടുകാർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചപ്പോൾ ലഭിച്ച മറുപടി ഇതാണെന്നു നാട്ടുകാർ. സാധാരണക്കാർക്കു ഉയർന്ന് പോലീസ് ഓഫീസർമാരുടെ നന്പർ അറിയാത്തതു കൊണ്ട് സ്റ്റേഷനിലേക്ക് വിളിച്ചതാണ്.
ഫോണെടുത്ത പോലീസുകാരൻ ഏതായാലും നല്ല ഉപദേശം നൽകി. ഇതോടെ ഭയന്നു പോയതു വീട്ടുകാരാണ്. ഫോണ് വിളിച്ചുവെന്നും ഫോണിൽ കിട്ടിയ മറുപടി ഇതാണെന്നു നാട്ടുകാരുടെ ഇടയിൽ നടക്കുന്ന പ്രചാരണം ഇതാണ്. പലപ്പോഴും അഭ്യൂഹമായിരിക്കുമെന്നും നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തുന്നു.
തൊടുപുഴ പോലീസ് സ്റ്റേഷനിൽനിന്നും തിങ്കളാഴ്ച രാത്രി ഈ പ്രദേശത്തേക്കു വരാത്തതും ഈ പ്രചാരണത്തിനാക്കം കൂട്ടുന്നു.എന്നാൽ പോലീസ് ഇതു നിഷേധിച്ചു. സ്റ്റേഷനിൽ ഇല്ലാത്ത ഒരു പോലീസുകാരനെയാണ് വിവരമറിയിച്ചതെന്നും ഇയാൾ നൽകിയ വിവരമനുസരിച്ച് മുട്ടം പോലീസ് എത്തിയെന്നും തൊടുപുഴ പോലീസ് പറഞ്ഞു. മുട്ടത്തു നിന്നും എത്തിയ പോലീസ് വാഹനം നാട്ടിലൂടെ കടന്നു പോയതു ജനത്തിനു ആശ്വാസമായി. ഇന്നലെ രാവിലെയാണ് ഡിവൈഎസ്പിയുടെയും എസ്ഐയുടെയും നേതൃത്വത്തിൽ പോലീസ് സംഘം എത്തിയത്. നിലവിൽ പുറത്തു മോഷ്ടാക്കളാണോ അക്രമികളാണോ എന്നറിയാതെ ഭയപ്പാടിലാണ് ജനം.
അഭ്യൂഹം ശക്തമായതോടെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ നിൽക്കുന്നതാണെന്നു പാവം മാതാപിതാക്കൾ വിശ്വസിച്ചു. അന്യസംസ്ഥാനക്കാരും പുറംനാട്ടുകാരും തെക്കുംഭാഗം പോലെയുള്ള ഗ്രാമീണപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. പാറമടകളും അവിടെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലൂടെ ഓടുന്ന ലോറികളും ഇവിടെ സജീവമാണ്.
ഇവിടെയും സ്റ്റേഡിയം ഉൾപ്പെടെയുള്ള നിർമാണത്തിനെത്തിയ നിരവധി അന്യസംസ്ഥാനക്കാരെയും ജനം സംശയത്തോടെ വീക്ഷിക്കുന്നു. കൊച്ചുകുട്ടികളെ പിടിച്ചു കൊണ്ടു പോകുമെന്ന പ്രചാരണം ശക്തമായതോടെ കുട്ടികളെ നോക്കുന്നവരെല്ലാം സംശയത്തിന്റെ മുൾമുനയിലാണ്. ഈ പ്രദേശങ്ങളിലും ചുറ്റുപാടും മയക്കുമരുന്ന് മാഫിയയും ശക്തമാണ്. ഇത്തരമൊരു പ്രചാരണം നടത്തുന്പോൾ സ്വഭാവികമായും നാട്ടുകാർ പുറത്തിറങ്ങാത്ത അവസ്ഥ വരും.
ഇതു ബിസിനസിനെ സഹായിക്കുമെന്നും വിലയിരുത്തുന്നു. ഇതു കൂടാതെ വർഗീയകക്ഷികളുടെ ഭീകരവാദപ്രചാരണമായും വിലയിരുത്തപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിക്കാൻ ശ്രമിക്കാത്ത പോലീസ് നടപടിയും പ്രതിഷേധാർഹമായിട്ടുണ്ട്. ജനത്തിനൊരു ആശ്വാസം കിട്ടാൻ വേണ്ടിയെങ്കിലും കാമറകൾ ഒന്നു പരിശോധിക്കുന്നതു നല്ലതാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും വീടുകളിൽ കുട്ടികളുമുണ്ട്. പോലീസ് നടപടി ശക്തമാക്കിയാൽ സ്റ്റിക്കർ ഒട്ടിച്ചവരെ കൈയോടെ പിടികൂടാം.