കണ്ണൂർ: കഴിഞ്ഞ ഡിസംബറിൽ നടത്തിയ രാപ്പകൽ സമരത്തിൽ ആരോഗ്യമന്ത്രി നല്കിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്ന് രാപ്പകൽ സമരവുമായി ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെപിഎച്ച്എൻ) വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്. കേരള സ്റ്റേറ്റ് ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല പ്രതിഷേധ രാപ്പകൽ സമരം ആരംഭിക്കാനാണ് തീരുമാനം.
2017 ജൂലൈ 14നും ഇക്കഴിഞ്ഞ ജനുവരിയിലും ഇറങ്ങിയ ഉത്തരവുകളിലെ പിഴവുകൾമൂലം റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം തടസപ്പെട്ടതിനെതിരേയും മലയോര മേഖലകളിൽ 3,000 പേർക്കും മറ്റുസ്ഥലങ്ങളിൽ 5,000 പേർക്കും ഒരു ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്ന നിലയിൽ തസ്തിക സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഗ്രേഡ് ഒന്നിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും ജെപിഎച്ച്എൻ റാങ്ക് ലിസ്റ്റുകളിൽനിന്നും നിയമിച്ചിരുന്ന 2017 ജൂലൈ 14വരെ ഉണ്ടായിരുന്ന രീതി പുനഃസ്ഥാപിക്കുക, ഓരോ ജില്ലകളിലും ഉണ്ടാകുന്ന ഒഴിവുകൾ അതതു ജില്ലകളിലെ റാങ്ക് ലിസ്റ്റുകളിൽനിന്നും നിയമനം നടത്തിവന്നിരുന്ന രീതി പുനഃസ്ഥാപിക്കുക, ആർദ്രം പദ്ധതിയിൽ ജെപിഎച്ച്എൻമാരെ ഉൾപ്പെടുത്തുക, പ്രമോഷനുകൾ സമയബന്ധിതമായി പൂർത്തിയാക്കുക, കൊല്ലം, കാസർഗോഡ് ജില്ലകളിലെ സൂപ്പർന്യൂമറി പ്രശ്നംമൂലം ഉണ്ടായ നിയമന തടസം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുക, 2013ൽ കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച 1094 ജെപിഎച്ച്എൻ തസ്തികകൾ ഉടൻ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.
22ന് രാവിലെ 11.30ന് സെക്രട്ടറിയേറ്റ് പടിക്കൽ ഐ.ബി. സതീഷ്കുമാർ എംഎൽഎ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. കെ. രാജൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സി.കെ. ആശ എംഎൽഎ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
കേരളത്തിലെ 14 ജില്ലകളിലും ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ പിഎസ്സി ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും കാര്യമായ നിയമനങ്ങൾ നടക്കുന്നില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തോളമായിട്ടും കാസർഗോഡ് ജില്ലയിലെ ലിസ്റ്റിൽനിന്നും ഒരാളെപ്പോലും ഇതുവരെയും നിയമിച്ചിട്ടില്ല.
കൊല്ലം ജില്ലയിൽനിന്നും ഒരാളും ഇടുക്കി ജില്ലയിൽനിന്നും ഇതുവരെ ആറു പേരെയുമാണ് നിയമിച്ചിരിക്കുന്നതെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആരോഗ്യമേഖലയിൽ 4,000ൽ അധികം പുതിയ തസ്തികൾ സൃഷ്ടിച്ചെങ്കിലും ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണെന്ന് സംസ്ഥാന ഭാരവാഹികളായ കെ. പുഷ്പലത , പി.പി. മറിയാമ്മ , ദിവ്യമോൾ ചെറിയാൻ , സി.എസ്. പ്രതീപ എന്നിവർ പറഞ്ഞു.