ബോബൻ ബി. കിഴക്കേത്തറ
ആലുവ: മൂന്നു പതിറ്റാണ്ടിനു ശേഷം ആലുവ സെന്റ് മേരീസ് സ്കൂളിലെ ചങ്ക്സ് എത്തി; പഠിച്ചു കളിച്ചു വളർന്ന വിദ്യാലയമുറ്റത്ത് വീണ്ടും പന്തുതട്ടാൻ. പ്രശസ്ത ഫുട്ബോൾ താരം ഹർഷന്റെ നേതൃത്വത്തിലാണ് പല ഡിവിഷനുകളിലായി പത്താം ക്ലാസ് വരെ പഠിച്ച 71 പേർ എത്തിയത്.
നവ മാധ്യമമായ വാട്സ്ആപ്പിൽ ഗ്രൂപ്പ് രൂപീകരിച്ചാണ് ഇവർ പുനസംഗമത്തിന് വഴിയൊരുക്കിയത്. 1985-86 കാലഘട്ടത്തിൽ ആലുവ സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് എബ്രഹാം, മജ്നു കൃഷ്ണൻ എന്നിവർ ചേർന്നാണ് ആരംഭിച്ചത്. സെന്റ് മേരീസ് ചങ്ക്സ് എന്നാണ് ഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്.
അന്ന് ഒരുമിച്ചു പഠിച്ചിരുന്നവരിൽ നല്ലൊരു ശതമാനം പേരും ജോലിയുടെ ഭാഗമായി വിദേശത്താണുള്ളത്. ഈ വർഷാരംഭത്തിൽ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രളയാനന്തരമാണ് നൂറോളം പേർ അംഗങ്ങളായി വിപുലീകരിച്ചത്.
ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് ഒത്തുകൂടാൻ പഴയ സഹപാഠികൾ തീരുമാനിക്കുകയായിരുന്നു.
പുനസംഗമത്തിന് എത്തിയവരെല്ലാം പ്രായം മറന്ന് കാൽപ്പന്തിന് പുറകേ ഓടി. ഹർഷനും ക്ലബ് ഫുട്ബോൾ താരമായ റിജു ഫ്രാൻസിസും മത്സരത്തിന് നേതൃത്വം നൽകി. അന്നത്തെ ബാച്ചിലുള്ളവർ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. 2-2 എന്ന സമനില പാലിച്ചാണ് മത്സരം അവസാനിച്ചത്.
നഗരത്തിലെ ഒരു ഹാളിൽ കേക്ക് മുറിച്ച് പങ്കിട്ടശേഷമാണ് പോലീസ് ഉദ്യോഗസ്ഥരും ഫുട്ബോൾ താരങ്ങളും ബിസിനസ്കാരും പ്രവാസികളുമായി മാറിയ സഹപാഠികൾ പിരിഞ്ഞത് വിദ്യാലയ മുറ്റത്ത് ഇനിയും ഒത്തുചേരുമെന്ന പ്രതിജ്ഞയോടെ.