സ്ട്രോബറി പഴങ്ങൾ കഴിക്കാൻ ഭയമാണിപ്പോൾ ഓസ്ട്രേലിയക്കാർക്ക്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൂചി ഉള്ളിലുള്ള സ്ട്രോബറി പഴങ്ങൾ ലഭിക്കുന്നതു വ്യാപകമായതാണു കാരണം. സംഭവം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ക്വീൻസ്ലാൻഡിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയിരിക്കെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു സൂചികളുള്ള സ്ട്രോബറികൾ ലഭിക്കുന്നത്. ഇവിടത്തെഎല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായതായി വിവിധ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ട്രോബറി പഴത്തിനുള്ളിലുണ്ടായിരുന്ന പിൻ വയറിനുള്ളിലെത്തി കഴിഞ്ഞ ദിവസം രണ്ടുപേർ അവശനിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ഓസ്ട്രേലിയൻ പോലീസിനിതുവരെയാ യിട്ടില്ല. വാണിജ്യ ഭീകരപ്രവർത്തനമാണിതെന്നാണു പ്രാഥമികവിലയിരുത്തൽ. നന്നായി പരിശോധിച്ച ശേഷമേ സ്ട്രോബറി പഴങ്ങൾ ഉപയോഗിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിനു പിന്നിലുള്ളവരേക്കുറിച്ചു സൂചന നൽകുന്നവർക്ക് ഓസ്ട്രേലിയൻ പോലീസ് വൻ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് രാജ്യത്തു പലരുമിപ്പോൾ സ്ട്രോബറി വാങ്ങുന്നത്. അതേസമയം, സ്ട്രോബറി പഴങ്ങൾക്കു പുറമേ ആപ്പിളിലും മാങ്ങയിലും സൂചികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.