ആളുകള്‍ പഴയതു മറക്കും. പക്ഷെ പഴയത് ഇല്ലാതാവുന്നില്ല. രാജു സോണിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ഒരു ദശാബ്ദത്തിനു മുമ്പ് രാജു സോണി മുംബൈയിലെ ഒരു പേരെടുത്ത കാര്മോഷ്ടാവായിരുന്നു. എന്നാല്‍ ഇന്ന് രാജു സോണി(55) മോഷ്ടാവല്ല. പക്ഷെ പോലീസ് അതു വിശ്വസിക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ രാജു സോണി ഗുജറാത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടു. അതും ഒമ്പതു വര്‍ഷത്തിനു ശേഷം.
2007ല്‍ ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ ബലത്തില്‍ മുങ്ങിയ സോണിയെ അന്നു മുതല്‍ പോലീസ് അന്വേഷിക്കുകയായിരുന്നു. 1995-2004 കാലയളവിലാണ് സോണി കാര്‍ മോഷണങ്ങളിലൂടെ കുപ്രസിദ്ധി ആര്‍ജിക്കുന്നത്. 2007ല്‍ ഗുജറാത്തിലേക്ക് കടന്നതിനു ശേഷം രാജ്കോട്ടില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം കണ്ടെത്തുന്നതിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. അടുത്തിടെ രാജു സോണി എന്ന പേരില്‍ ഗുജറാത്തില്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നതാണ് പോലീസിന് സംശയത്തിനിട നല്‍കിയത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തങ്ങളന്വേഷിക്കുന്ന ആള് തന്നെയാണിതെന്നു മനസിലായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞാഴ്ച ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
മുമ്പ് രണ്ടു തവണ മോഷ്ടിച്ച കാര്‍ വിറ്റതുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ക്കെതിരേ 25 വാഹനമോഷണക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈയില്‍ മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഗുജറാത്തില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. 2004ല്‍ ആദ്യമായി അറസ്റ്റിലാവുമ്പോള്‍ മോഷ്ടിച്ച 22 കാറുകളാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. 2005ല്‍ ജാമ്യം ലഭിച്ച ഉടന്‍ ഇയാള്‍ പഴയ ബിസിനസ് പുനരാരംഭിച്ചു. 2007ല്‍ വീണ്ടും അറസ്റ്റിലായി. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ മുങ്ങിയ രാജു സോണി ഒമ്പതുവര്‍ഷത്തിനു ശേഷം ഇപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.