വയറുവേദനയെ തുടർന്ന് രോഗിയെ ഓപ്പറേഷൻ ചെയ്ത ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കൾ. പഞ്ചാബിലെ മോഗയിലെ ഒരു ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസത്തിലേറെയായി ഓക്കാനവും കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 40കാരനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറുവേദന ശമിക്കാത്തതിനെ തുടർന്ന് കാരണം കണ്ടുപിടിക്കാൻ വയറ്റിന്റെ എക്സ്-റേ സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഫലങ്ങൾ അസ്വസ്ഥമായിരുന്നു. വ്യാഴാഴ്ച രോഗിയെ ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഇയർഫോണുകളും ലോക്കറ്റുകളും സ്ക്രൂകളുമാണ് വയറിനുള്ളിൽ കണ്ടെത്തിയത്.
പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശരീരത്തിൽ നിന്ന് ഈ വസ്തുക്കൾ പുറത്തെടുത്തത്.
ഇയർഫോണുകൾ, വാഷറുകൾ, നട്ട്സ് ആൻഡ് ബോൾട്ടുകൾ, വയറുകൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, ഒരു സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിവയാണ് വയറ്റിൽ നിന്ന് പുറത്തെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നത്.
രണ്ട് വർഷമായി ഇയാൾക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ.അജ്മീർ കൽറ പറഞ്ഞു. ശരീരത്തിൽ നിന്ന് എല്ലാ വസ്തുക്കളും നീക്കം ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഡോക്ടർ വ്യക്തമാക്കി. ഈ വസ്തുക്കൾ വളരെക്കാലമായി വയറ്റിൽ ഉണ്ടായിരുന്നു, ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് ഈ സാധനങ്ങൾ അയാൾ കഴിച്ചതെന്ന് അറിയില്ലെന്നും ഇവ കഴിച്ചതിനെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നെന്നും കുടുംബം പ്രതികരിച്ചു. എന്നാൽ അയാൾക്ക് മാനസികരോഗങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയുണ്ടെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും ഇയാൾ പറഞ്ഞു. നിരവധി ഡോക്ടർമാരുടെ അടുത്തേക്ക് മുമ്പ് കൊണ്ടുപോയിരുന്നുവെങ്കിലും ആർക്കും വേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കുടുംബം വ്യക്തമാക്കി.