അമേരിക്കയിൽ പ്രവർത്തിക്കുന്ന ആർആർ എന്ന ലേല കന്പനി കഴിഞ്ഞ ദിവസം 5.5 കിലോഗ്രാം ഭാരമുള്ള കുറച്ചു പാറക്കഷ്ണങ്ങൾ ലേലത്തിന് വച്ചു. ലേലം വിളിച്ചു കഴിഞ്ഞപ്പോൾ ഈ പാറക്കഷ്ണങ്ങൾക്ക് കിട്ടിയ വില 4,49,11,563 രൂപ.
ഈ കല്ലിന് ഇത്ര വിലകിട്ടാൻ ഒരു കാരണമുണ്ട്. സാധാരണ കല്ലൊന്നുമല്ല ഇത്. അങ്ങ് ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിയതാണ് ഇത്. വടക്കു-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു മരുഭൂമിയിൽനിന്നാണ് കഴിഞ്ഞ വർഷം ഈ പാറ ക്കഷ്ണങ്ങൾ കണ്ടെത്തുന്നത്. ഒരു വലിയ കല്ല് പല കഷണങ്ങളായി ചിതറിയ അവസ്ഥയിലായിരുന്നു.
വിശദമായ പരിശോധനയിലാണ് ഇത് ചന്ദ്രനിൽനിന്നെത്തിയ അതിഥിയാണെന്ന് മനസിലായത്. ഉൽക്കാ പതനത്തിന്റെയോ നക്ഷത്രങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിന്റെയോ ഫലമായി ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് അടർന്നുമാറിയ പാറക്കഷ്ണം 38 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിൽ പ്രവേശിച്ച് ആഫ്രിക്കയിലെ മരുഭൂമിയിൽ പതിച്ചതാകാമെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ ഭൂമിയുടെ ഉപരിതലത്തിൽ പ്രവേശിച്ചപ്പോൾ ഇത് കത്തിപ്പോകാതിരുന്നതിന്റെ കാരണമെന്ത് എന്നതിന് ഗവേഷകർക്ക് ഉത്തരമില്ല. ചന്ദ്രന്റെ കടംകഥ എന്ന അർഥം വരുന്ന മുഗാബ എന്ന ആഫ്രിക്കൻ പേരാണ് ഈ പാറക്കഷ്ണങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈ കല്ല് ലഭിച്ച സ്ഥലത്തുനിന്നും മുന്പ് നിരവധി ഉൽക്കാ അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട്.