വിവാഹത്തിന് മുണ്ടുടുക്കുന്നതിനു പകരം വരന് ഷെര്വാണി ധരിച്ചെത്തിയതിനെത്തുടര്ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര് തമ്മില് പൊരിഞ്ഞ അടി.
മധ്യപ്രദേശിലെ ഗോത്രസമുദായത്തിനിടയില് നടന്ന വിവാഹത്തിലാണ് ഇരുകൂട്ടര്ക്കുമിടയില് സംഘര്ഷമുണ്ടായത്.
വിവാഹ ചടങ്ങുകളില് വരന് മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര് നിര്ബന്ധം പിടിച്ചതിനെത്തുടര്ന്നാണ് പ്രശ്നം തുടങ്ങിയത്.
മധ്യപ്രദേശിലെ ധാര് ജില്ലയിലുള്ള മംഗ്ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരന് ധോത്തിയാണ് ധരിക്കേണ്ടത്.
ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാര് എതിര്പ്പ് പ്രകടിപ്പിച്ചത്. എന്നാല് ഇത് പിന്നീട് ഇരുകൂട്ടര്ക്കുമിടയില് രൂക്ഷമായ വാക്കുതര്ക്കത്തിനും തുടര്ന്ന് ഏറ്റുമുട്ടലിനും കാരണമായി.
തര്ക്കത്തിനിടയില് പരസ്പരം കല്ലുകള് വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പോലീസില് പരാതി നല്കുകയായിരുന്നു.
അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരന് സുന്ദര്ലാല് പറഞ്ഞു.