കുമരകം നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ പട്ടാപ്പകല്‍ കല്ലേറ്. പക്ഷെ കല്ലെറിയുന്നതാരെന്ന് മാത്രം അറിയില്ല. കല്ലേറുകാരെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല. എങ്കിലും സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയതോടെ കല്ലേറു നിലച്ചു.
കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു.
കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.
നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കല്ലേറുകാരെ കണ്ടു പിടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. എന്നാല്‍ കല്ലേറുകാരെ കണ്ടുപിടിക്കുന്നതില്‍ പോലീസും പരാജയമായി. എങ്കിലും ഇപ്പോള്‍ കല്ലേറു നിലച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.