പത്തനംതിട്ട: എംസിറോഡിലൂടെയുള്ള നിശായാത്രകള് യാത്രികരില്‍ ഭീതിസൃഷ്ടിക്കുകയാണ്. പന്തളത്തിനും കാരയ്ക്കാടിനുമിടയിലായി കഴിഞ്ഞ രണ്ടു ദിവസമായി ചാത്തനേറ് വ്യാപകമാവുകയാണ്. നാലു വാഹനങ്ങളാണ് കല്ലേറില്‍ തകര്‍ന്നത്. സംഭവമറിഞ്ഞെത്തിയ സിഐയ്ക്കും കിട്ടി ഉഗ്രന്‍ പണി. കരിങ്കല്ലുകൊണ്ടുള്ള ഏറില്‍ എസ്ഐയുടെ കൈയ്ക്കു പരിക്കേറ്റു. മണിക്കൂറുകളുടെ ഇടവേളയില്‍ പല സ്ഥലത്തു നിന്നാണ് ഏറു വരുന്നത്. ഇതു കാരണം സാമൂഹിക വിരുദ്ധരെ കണ്ടു പിടിക്കാന്‍ കഴിയാതെ പൊലീസും വലയുകയാണ്.
ഇന്നലെ പുലര്‍ച്ചെ എംസി റോഡില്‍ കുരമ്പാലയ്ക്കും മാന്തുകയ്ക്കുമിടയില്‍ നാലു വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. കുരമ്പാല ശങ്കരത്തില്പടിയില് പുലര്‍ച്ചെ ഒന്നിനായിരുന്നു ആദ്യ ആക്രമണം. തിരുവനന്തപുരത്തു നിന്നും മാട്ടുപ്പെട്ടിക്കുപോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇവിടെ നിന്ന് കിലോമീറ്ററുകള്‍ മാറി കുരമ്പാല ഇടയാടി സ്കൂള്‍ ജങ്ഷനില്‍ വച്ച് മൂന്നാറില്‍ നിന്നും തിരുവനന്തപുരത്തേക്കു വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെയും ആക്രമണമുണ്ടായി.
തിരുവനന്തപുരം പാലോട് നിന്നും ഗുരുവായൂരിലേക്കു പോയ സൂപ്പര്‍ഫാസ്റ്റിനു നേരേ തോന്നല്ലൂര്‍ കാണിക്കവഞ്ചിക്കു സമീപം കല്ലേറുണ്ടായി. കാരയ്ക്കാട് അഞ്ചുമലനട ക്ഷേത്രത്തില്‍ കലാപരിപാടിക്കു ശേഷം മടങ്ങിയ തിരുവനന്തപുരം സഹാറാ ഗാനമേള ട്രൂപ്പിന്റെ വാഹനത്തിനു നേരെ കുളനട മാന്തുക കത്തോലിക്കാപള്ളിക്കു സമീപം വച്ചാണ് ഏറുണ്ടായത്. പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘം മാന്തുകയില്‍ വച്ച് അക്രമികളെ കണ്ടെങ്കിലും പിന്തുടര്ന്ന് പിടിക്കുവാനുള്ള ശ്രമം വിഫലമായി. രണ്ടു ബൈക്കുകളിലായി എത്തിയ മൂവര്‍സംഘമാണ്. അക്രമത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചു. മാന്തുകയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായതായി മുന്‍ എംഎല്‍എ നല്കിയ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ സിഐയ്ക്ക് കല്ലേറില്‍ പരുക്കേറ്റത്് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു. സിഐ ആര് സുരേഷിന്റെ വലതു കൈയ്ക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ എംസി റോഡില്‍ കുളനട മാന്തുക ഗ്ലോബ് കവലയ്ക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്ന മുന്‍ എംഎല്‍എ പി.സി.വിഷ്ണുനാഥാണ്, താന്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായതായി പന്തളം പൊലീസിനെ വിവരം അറിയിക്കുന്നത്. കല്ലേറില്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. വിവരമറിഞ്ഞ് ഉടന്‍ തന്നെ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും പിന്നാലെ സിഐയും സ്ഥലത്തെത്തി.
ഒറ്റയ്ക്കെത്തിയ സിഐ പന്തളത്തേക്ക് മടങ്ങുമ്പോഴാണ്, സംഭവസ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെ റോഡിന്റെ വശത്ത് നിന്നുമുണ്ടായ കല്ലേറില്‍ കൈയ്ക്ക് പരിക്കേറ്റത്. ജീപ്പിന്റെ വശത്തെ ചില്ലുകളും തകര്‍ന്നു. പൊലീസ് സംഘത്തെയും വിളിച്ചു വരുത്തി പരിസരങ്ങളില്‍ പരിശോധന നടത്തുന്നതിനിടയില്‍ വശത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ തൊഴിലാളിയും െ്രെഡവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റതായി പൊലീസിനെ അറിയിച്ചു. മൊബൈല്‍ഫോണ്‍ സിസിടിവി തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ പദ്ധതി.