മുക്കം: കോവിഡ് കാലത്ത് സമൂഹത്തിന്റെ കാവൽക്കാരായ ആരോഗ്യ പ്രവർത്തകർക്കൊപ്പം ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്ന പോലീസുകാരുടേയും അവരുടെ കുടുംബത്തിന്റെയും പ്രയാസങ്ങളും ആകുലതകളും നിസഹായതകളും പങ്കുവയ്ക്കുന്ന ഹ്രസ്വ ചിത്രം പുറത്തിറക്കി മുക്കത്തെ യുവാക്കൾ.
കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഗൗരവം മനസിലാക്കാതെ തെരുവിലിറങ്ങുന്ന ജനക്കൂട്ടവും അവർക്കിടയിൽ സമൂഹത്തെയും സ്വന്തം ശരീരത്തെയും വൈറസിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദവുമാണ് “സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്’എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം.
മഹാമാരി കാലത്ത് ഭൂരിഭാഗം ജനങ്ങളും സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടേയും അവരുടെ കുടുംബങ്ങളിലേയും ആശങ്കകളും ചിത്രത്തിൽ വരച്ചു കാട്ടുന്നു.
“പടരുന്ന കൊറോണ, പഠിക്കാത്ത മനുഷ്യൻ, പതറാതെ പോലീസ്’ എന്ന സന്ദേശത്തോടെ കൊവിഡ് കാലത്തെ കഥ പറയുന്ന ഹ്രസ്വ ചിത്രം ജനങ്ങൾക്ക് പോലീസുകാരോടുള്ള വെറുപ്പും പേടിയും മാറാൻ സഹായിക്കുന്നതാണെന്ന് കോഴിക്കോട് സിറ്റി അസി. കമ്മിഷണർ ബിജുരാജ് പറഞ്ഞു.
അഷ്റഫ് അബു സംവിധാനവും മോഹിത് മുക്കം ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ ചലച്ചിത്ര താരം അബുസലിം, സൗപർണിക എന്നിവരും പ്രാദേശിക കലാകാരന്മാരുമാണ് അഭിനയിച്ചിരിക്കുന്നത്.