എടത്വ: മുന്നറിയിപ്പില്ലാതെ ബോട്ട് സർവീസ് നിർത്തിയതോടെ കുട്ടനാടൻ മേഖലയിൽ യാത്രാക്ലേശം. പായിപ്പാട്ടു നിന്നും ആലപ്പുഴയ്ക്കും കാരിച്ചാലിൽ നിന്നും ചങ്ങനാശേരിയിലേക്കുമുള്ള രണ്ടു ബോട്ടുകളാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിർത്തിയത്. രണ്ടു ബോട്ടുകളും രാവിലെയും വൈകുന്നേരവുമായി രണ്ടു നേരങ്ങളിലാണ് സർവീസ് നടത്തിയിരുന്നത്. പായിപ്പാട് നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് രാവിലെ 7.45നു പുറപ്പെട്ട് രാത്രി 7.45ന് തിരികെയെത്തും. കാരിച്ചാലിൽനിന്നും സർനീസ് നടത്തുന്ന ബോട്ട് പുലർച്ചെ 5.30ന് സർവീസ് നടത്തി വൈകുന്നേരം 5.30 ന് തിരികെയെത്തിയിരുന്നതാണ്.
സർവീസ് നിർത്തലാക്കിയതോടെ കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായി. കുട്ടനാടൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ തൊഴിലാളികൾ തൊഴിൽ തേടിപോയിരുന്നതിനും മത്സ്യത്തൊഴിലാളികൾ മത്സ്യവിപണനം നടത്തുന്നതിനും യാത്രയ്ക്കായി ആശ്രയിച്ചതും ഈ ബോട്ട് സർവീസുകളെ ആയിരുന്നു.
ചെറുതന, ആയാപറന്പ്, കുറിച്ചിക്കൽ, തണ്ടപ്ര, കുന്നുമ്മ, തകഴി, പുളിങ്കുന്ന്, പുല്ലങ്ങടി, ചന്പകുളം, മങ്കൊന്പ്, കാവാലം, നെടുമുടി എന്നിവിടങ്ങളിലേക്ക് എത്താനുള്ള സർവീസുകളായിരുന്നു ഇത്. കുട്ടനാട്ടിലെ മറ്റ് സ്ഥലങ്ങളിൽ സർവീസ് നടത്താൻ ബോട്ടുകൾ ആവശ്യത്തിനില്ലാത്തതതിനാലാണ് ഈ ബോട്ടുകൾ ഇവിടെനിന്നും പിൻവലിക്കാൻ കാരണമായി അധികൃതർ പറയുന്നത്.
ജില്ലയിൽ 51 ബോട്ടുകളാണുള്ളത്. ഏതെങ്കിലും ബോട്ടുകൾ പണിമുടക്കിയാൽ പകരത്തിനു രണ്ടു ബോട്ടുകൾ മാത്രമാണുള്ളത്. 14 ബോട്ടുകൾ പുതിയതായി സർവീസിനു എത്തുമെന്നാണ് അറിയുന്നത്. ഈ മാസം അഞ്ചുബോട്ടുകൾ ആലപ്പുഴ ഡ്രൈഡോക്കിൽ നിന്നും പുറത്തിറങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്കു 12 സർവീസുകളാണ് നിലവിലുള്ളത്. പുളിങ്കുന്നു ഭാഗത്തേക്ക് മൂന്ന്. കാവാലം മൂന്ന്, നെടുമുടി നാല്, എടത്വ രണ്ട് എന്നിങ്ങനെയാണ് സർവീസുകൾ.