കല്യാണം മുടക്കിയതിന്റെ കലിപ്പ് തീര്‍ത്തത് ‘അയ്യപ്പനും കോശിയും’സ്റ്റൈലില്‍ ! ചെറുപുഴയില്‍ സംഭവിച്ചത് ഇങ്ങനെ…

ബിജു മേനോനും പൃഥിരാജും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. അയ്യപ്പന്‍ നായരുടെയും കോശിയുടെയും പരസ്പര വൈരത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്.

സിനിമയില്‍ കോശിയോടുള്ള അരിശം മൂത്ത് അയ്യപ്പന്‍ നായര്‍ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന ഒരു രംഗം ഉണ്ട്. തിയേറ്ററുകളില്‍ ഏറെ കൈയടി വാരിക്കൂട്ടിയ സീന്‍ കൂടിയായിരുന്നു ഇത്.

ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പന്‍, കുട്ടമണിയുടെ കട തകര്‍ക്കുമ്പോള്‍, കോശിയാകട്ടെ അയ്യപ്പന്‍ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തുകളയുന്നത്. സിനിമയിലെ ആ രംഗം ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നടന്നിരിക്കുകയാണ്.

കണ്ണൂര്‍ ചെറുപുഴയിലാണ് ആ രംഗത്തിനു സമാനമായ സംഭവം നടന്നത്. തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് പ്ലാക്കുഴിയില്‍ ആല്‍ബിനാണ് പുളിയാറു മറ്റത്തില്‍ സോജിയുടെ കട കഴിഞ്ഞ ദിവസം രാവിലെ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് പ്രതികാരം തീര്‍ത്തത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്.

കട പൊളിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇയാളുടെ പ്രവൃത്തിയെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരുണ്ട്.

Related posts

Leave a Comment