ശ്രീനിവാസന്റെ രചനയില് ലാല്ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര് കനവില് മമ്മൂട്ടിയായിരുന്നു നായകന്. എന്നാല് ചിത്രം ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന് കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന് കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില് വന്നു കൃഷി ആരംഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള് അവര്ക്ക് തുണയായി ജയറാമിന്റെ അനിയന് കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
മുരളിയുടെ ഭാര്യവേഷത്തില് നിശ്ചയിച്ചിരുന്നത് ശോഭനയെയും. എന്നാല് ലാല്ജോസ് ജയറാമിനോട് കഥ പറയാന് ആരംഭിച്ചപ്പോള് തന്നെ ജയറാമിന് കാസ്റ്റിംഗ് ഇഷ്ടപ്പെട്ടില്ല. ജയറാം ലാല്ജോസിനോടു പറഞ്ഞു.’നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില് എനിക്ക് ഇഷ്ടമായില്ലെങ്കില് പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില് പറയട്ടെ അപ്പോള് പ്രശ്നമില്ല’.
ശ്രീനിവാസന് എന്ന രചയിതാവിനെ കൂടുതല് വിശ്വസിച്ച ജയറാമിന്റെ അഭിപ്രായത്തെ ലാല് ജോസ് മറ്റൊരു രീതിയില് എടുത്തത് ആ പ്രൊജക്റ്റ് ഉപേക്ഷിക്കാന് കാരണമായി. ഒരു സംവിധായകനില് വിശ്വാസമില്ലാതെ തിരക്കഥാകൃത്തിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഈ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകാന് കഴിയില്ലെന്നായിരുന്നു ലാല് ജോസിന്റെ നിലപാട്. എന്തായാലും മമ്മൂട്ടി നായകനായ ചിത്രം ഹിറ്റായത് ലാല്ജോസിന്റെ മികവിനുള്ള അംഗീകാരമായി.