ജീവിതത്തില്‍ ദുരിതങ്ങളോടു പടപൊരുതിയാണ് മിക്കവരും വിജയത്തിലെത്തുന്നത്. ചിലര്‍ ജീവിതത്തില്‍ നേരിടാത്ത അഗ്നിപരീക്ഷകളുണ്ടാവില്ല.
പേരാമ്പ്രക്കാരി നൗജിഷ അത്തരത്തില്‍ ഒരാളാണ്. 31 വയസിനുള്ളില്‍ ഒരു ജന്മംകൊണ്ട് അനുഭവിക്കേണ്ട കഷ്ടപ്പാടുകള്‍ ഈ യുവതി അനുഭവിച്ചു തീര്‍ത്തു.
ഭര്‍ത്തൃഗൃഹത്തിലെ പീഡനം ജീവിതം അവസാനിപ്പിക്കുന്ന ചിന്തയിലേക്ക് വരെ ഒരു ഘട്ടത്തില്‍ നൗജിഷയെ നയിച്ചു. എന്നാല്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത ഈ യുവതി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു.
2013 ല്‍ നടന്ന വിവാഹത്തോടെയാണ് നൗജിഷയുടെ കഷ്ടകാലം ആരംഭിക്കുന്നത്.
അതിനു മൂമ്പ് സമ്പന്നതയില്‍ ജീവിച്ചിട്ടില്ലെങ്കിലും മനസമാധാനവും സംതൃപ്തിയും ഉണ്ടായിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛന്‍ കഷ്ടപ്പെട്ട് എംസിഎ വരെ പഠിപ്പിച്ചു. പ്രയാസങ്ങള്‍ മനസ്സിലാക്കി തന്നെ നന്നായി പഠിക്കുകയും ചെയ്തു.
അടുക്കളയില്‍ കഴിയാനുള്ള പെണ്ണുങ്ങള്‍ എന്തിനാണ് വീടിന് പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുന്‍പില്‍ ജോലിക്ക് വിടാമെന്ന ഭര്‍ത്തൃവീട്ടുകാരുടെ വാഗ്ദാനം കാറ്റില്‍ പറന്നു.
പീഡന മുറകള്‍ ശാരീരികമായും മാനസികമായും പെരുകി വന്നു. മൂന്ന് വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ ഒന്നര വയസ്സുകാരനായ മകനുമായി മടങ്ങി.
ഇവിടം മുതലാണ് നിജിഷ അനേകര്‍ക്ക് മാതൃക ആവുന്നത്. 2016 മുതലാണ് നൗജിഷ പഠനത്തിനും പുതിയ ജീവിതത്തിനുമുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.
വീടിനടുത്തുള്ള ടോപ്പേഴ്‌സ് എന്ന സ്ഥാപനത്തില്‍ പഠനത്തിനെത്തി. പലതും കാരണങ്ങളാല്‍ ക്ലാസ്സില്‍ പോകാനോ ഫീസ് കൊടുക്കാനോ കഴിഞ്ഞില്ല. പക്ഷേ പഠനം കണ്ടപ്പോള്‍ അധികൃതര്‍ തന്നെ സൗകര്യം ഒരുക്കി.
നിരന്തരമായി പരിശ്രമിച്ചു. പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവള്‍ക്ക് മറച്ചു വയ്‌ക്കേണ്ടി വന്നു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്ന സമയത്താണ് ലിസ്റ്റ് പബ്ലിഷ് ചെയ്തത്. തന്റെ പേര് ലിസ്റ്റിലുണ്ടെന്നറിഞ്ഞാല്‍ ബന്ധം പിരിയുന്നതില്‍ നിന്ന് ഭര്‍ത്തൃകുടുംബം പിന്മാറുമോ എന്ന ഭയമായിരുന്നു നൗജിഷക്ക്.
‘ജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍’ എന്ന് നൗജിഷ പറയുമ്പോള്‍ ഇവര്‍ താണ്ടിയ ദുരിതങ്ങളുടെ വ്യാപ്തി മനസ്സിലാകും. ഇന്ന് അനേകം പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുകയാണ് നൗജിഷയുടെ ജീവിതം.