മക്കളോടുള്ള മാതാപിതാക്കളുടെ സ്‌നേഹം അളക്കാനാവില്ല. കുഞ്ഞുപ്രായത്തില്‍ തന്നെ സ്വന്തം മകളെ എന്നന്നേക്കുമായി നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല.
കണ്ണിലെ കൃഷ്ണമണി പോലെ കാത്തസൂക്ഷിച്ച മക്കളുടെ മരണം സഹിക്കുക വലിയ വേദന തന്നെയാണ്. അവരുടെ ഇഷ്ടങ്ങളും പേടികളുമെല്ലാം അച്ഛനമ്മമാരുടെ മനസില്‍ എപ്പോഴും ഉണ്ടാവും.
ഒരുപക്ഷേ, മരണം വരെയും. ഇവിടെയും അങ്ങനെയൊരു കഥയാണ് പറയാന്‍ പോകുന്നത് . ഒരമ്മയുടെയും അവരുടെ കുഞ്ഞു മകളുടെയും ശവക്കല്ലറയുടെ കഥയാണിത്.
പത്താമത്തെ വയസിലാണ് ഫ്‌ളോറന്‍സ് അയണ്‍ ഫോര്‍ഡ് മരിക്കുന്നത്. മകളുടെ മരണം അവളുടെ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കുഞ്ഞുമകളെ അടക്കുന്നതിന് മുമ്പ് അന്ന് അവളുടെ അമ്മ വിചിത്രമായ ഒരു അഭ്യര്‍ത്ഥന നടത്തി.
മകളുടെ ശവപ്പെട്ടിയുടെ തലഭാഗത്തായി ഒരു കുഞ്ഞുജാലകം വയ്ക്കണം. അങ്ങനെ ഒരു ജാലകം പണിയുകയും ചെയ്തു.
ആ ശവകുടീരത്തിനടുത്തൂകൂടെ ഗോവണിയിറങ്ങി ചെല്ലാനുള്ള ഒരു ചെറിയ വഴിയുണ്ട്. ആ വഴിക്ക് ഒരു വാതിലും. എന്തിനാണ് ഫ്‌ളോറന്‍സിന്റെ അമ്മ എല്ലെന്‍ അങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്.
1861 സെപ്റ്റംബര്‍ മൂന്നിനാണ് ഫ്‌ളോറന്‍സ് ജനിക്കുന്നത്. മിക്ക കുഞ്ഞുങ്ങളെയും പോലെ നമ്മുടെ കുഞ്ഞു ഫ്‌ളോറന്‍സിനും കൊടുങ്കാറ്റിനെ ഭയമായിരുന്നു. അതുകൊണ്ട്, കാറ്റിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ അമ്മ എല്ലെന്റെ അടുത്തേക്ക് ഓടിച്ചെല്ലും.
എല്ലെന്‍ അവളെ ചേര്‍ത്തു പിടിക്കും, കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ മറ്റ് അമ്മമാരെപ്പോലെ തന്നെ ആ അമ്മയും തന്റെ മകളെ ക്ഷമയോടെ ആശ്വസിപ്പിക്കും.
എന്നാല്‍ ആ കുസൃതി അധികകാലം അനുഭവിക്കാനുള്ള ഭാഗ്യം ആ അമ്മയ്ക്കുണ്ടായില്ല. 1871 -ല്‍, വെറും പത്താം വയസ്സില്‍, ഫ്‌ളോറന്‍സ് മഞ്ഞപ്പനി ബാധിച്ച് മരിച്ചു.
അത് എല്ലെനെ തകര്‍ത്തു കളഞ്ഞു. തന്റെ കുഞ്ഞ് മാലാഖ എന്നന്നേക്കുമായി തന്നെ വിട്ടുപോകുകയാണെന്ന ചിന്ത അവരെ ദുഃഖിതയാക്കി.
കാരണം, കൊടുങ്കാറ്റില്‍ അവളെ ആശ്വസിപ്പിക്കാന്‍ ആ അമ്മ എന്നത്തേയും പോലെ തന്നെ ആഗ്രഹിച്ചു.
തന്റെ മകള്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ പോലും അവളെ ഒരു കാറ്റും ഭയപ്പെടുത്തരുതെന്നായിരുന്നു അവരുടെ ഉള്ളില്‍. അങ്ങനെയാണ് മകളെ അടക്കാറായപ്പോള്‍ ഇങ്ങനെ ഒരു വിചിത്രമായ ആഗ്രഹം എല്ലെന്‍ പറയുന്നത്.
അങ്ങനെ, എല്ലെന്‍ മകളുടെ ശവകുടീരത്തില്‍ ഒരു ചെറിയ ജാലകം ഘടിപ്പിച്ചു. ജാലകത്തില്‍ നിന്നും ആറടി താഴേക്ക് ഒരു ഇടുങ്ങിയ ഗോവണിയും നിര്‍മ്മിച്ചു. എല്ലെന്‍ ഗോവണിക്ക് മുകളില്‍ മെറ്റല്‍ ട്രാപ്‌ഡോര്‍ സ്ഥാപിച്ചിട്ടുണ്ട്.
അതിനാല്‍ കൊടുങ്കാറ്റില്‍ ആ ഡോര്‍ അടയ്ക്കാനും കാറ്റില്‍ നിന്നും മഴയില്‍ നിന്നും അവളെ സംരക്ഷിക്കാനും തനിക്ക് കഴിയുമെന്ന് എല്ലെന്‍ വിശ്വസിക്കുന്നു.
മാത്രവുമല്ല, കാറ്റോ മഴയോ വരുമ്പോള്‍ മകളുടെ ശവപ്പെട്ടിക്കരികില്‍ ഇരിക്കാനും കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ അവിടെയിരുന്നു കൊണ്ട് അവള്‍ക്കുവേണ്ടി വായിക്കാനോ പാടാനോ ഒക്കെ കഴിയുമെന്നും എല്ലെന്‍ ഉറപ്പിച്ചു.
1871 മുതല്‍ ശവക്കല്ലറയ്ക്ക് വളരെ കുറച്ചു മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ശവക്കല്ലറയുടെ പിന്നില്‍ ഇപ്പോഴും മെറ്റല്‍ ട്രാപ്ഡോര്‍ കിടക്കുന്നുണ്ട്. അത് ഇന്നും തുറക്കാനും കഴിയും.
അതിനാല്‍ സെമിത്തേരി സന്ദര്‍ശകര്‍ക്ക് കൊടുങ്കാറ്റില്‍ ഫ്‌ളോറന്‍സിനെ ആശ്വസിപ്പിക്കാന്‍ കഴിയും. 1950 -കളുടെ മധ്യത്തില്‍ ഗ്ലാസ് വിന്‍ഡോ മറയ്ക്കുന്നതിനായി ഗോവണിപ്പടിയുടെ അടിയില്‍ ഒരു കോണ്‍ക്രീറ്റ് മതില്‍ കൂട്ടിച്ചേര്‍ത്തത് മാത്രമാണ് ഫ്‌ളോറന്‍സിന്റെ ശവകുടീരത്തില്‍ ആകെ വന്ന മാറ്റം.
ഫ്‌ളോറന്‍സിനെ അടക്കിയിരിക്കുന്ന നാച്ചസ് സെമിത്തേരി, മിസിസിപ്പി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
മറ്റനേകം പ്രശസ്തമായ ശവക്കല്ലറകള്‍ ഇവിടെയുണ്ടെങ്കിലും ഒരമ്മയ്ക്ക് തന്റെ മകളോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും സാക്ഷ്യമുള്ള ഒരു ശവക്കല്ലറ ഫ്േളാറന്‍സ് എന്ന ആ പത്തുവയസുകാരിയുടേത് മാത്രമാവും എന്ന് തീര്‍ച്ചയാണ്.