സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്.
അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും പുറത്തുവരുന്നത്. സ്നേഹത്തിന് ജാതിമത വേര്‍തിരിവൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം.
പതിനാല് വര്‍ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്‍കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംരക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമായപ്പോള്‍ നാടും മതവുമൊന്നും തടസ്സമാകാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് പിന്നില്‍ റസാഖും കുടുംബവുമാണ്.
മതമൊന്നും തടസ്സമാകാതെ വളര്ന്നവള് സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്‍ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹപ്രായമായപ്പോള്‍ പൊന്നും പുതുവസ്ത്രങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്‍ക്ക് പണിതുനല്‍കിയാണ് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്.
എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട് ഒതു തമിഴ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്‍ജഹാനും. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ഈ വീട്ടില്‍ എട്ടുവയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ തമിഴ് പെണ്‍കുട്ടി.
തെരുവില്‍ കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നുമുതല്‍ ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്.
വര്‍ഷത്തിലൊരിക്കല്‍ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്‍ മകളെ വന്നുകാണുമെങ്കിലും 14 വര്‍ഷത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്.
കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നല്കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്. ഫോട്ടോഗ്രാഫറും സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനുമാണ് ശ്രീജിത്തിന് അലങ്കാരമത്സ്യകൃഷിയും ഉണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്.
വീടിനോടു ചേര്‍ന്നുതന്നെ നാലുസെന്റ് ഭൂമിയില്‍ പുതിയ വീടും കവിതയ്ക്കായി പണിതുനല്‍കിയിട്ടുണ്ട്. റസാഖിന്റെ പെണ്മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്‍ണവും നല്കി.
വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു. ദുഷ്പ്രവൃത്തികള്‍ അനുദിനം പെരുകുന്ന ഇക്കാലത്ത് റസാഖിനെപ്പോലെയുള്ളവരെ ദൈവദൂതരെന്നല്ലാതെ എന്തു വിളിക്കാന്‍.