ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ച കേസില് രാജാക്കാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാജകുമാരി നടുമറ്റം സ്വദേശി ജോസഫ് (അപ്പച്ചന്-72) ഏറെ കൗതുകമുള്ള മോഷണകഥകളിലെ നായകന്. അഞ്ചു പതിറ്റാണ്ടായി മോഷണം തൊഴിലാക്കിയ അപ്പച്ചന് ജില്ലയില് മാത്രം 35 മോഷണ കേസുകളില് പ്രതിയാണ്. ഭാര്യയും മക്കളുമില്ലാത്ത അപ്പച്ചന് മോഷ്ടിക്കുന്ന പണമത്രയും മുന്തിയ ഹോട്ടലുകളില് നിന്നു ഭക്ഷണം കഴിച്ചും മദ്യപിച്ചും തീര്ക്കും.
സദാ സമയവും ജയിലില് കഴിയാന് ഇഷ്ടപ്പെടുന്ന അപ്പച്ചന് അടുത്ത കാലത്താണ് വിയ്യൂര് സെന്ട്രല് ജയിലില് നിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന് നടുമറ്റത്തെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രാജാക്കാട് എസ്ഐ പി.ഡി. അനൂപ്മോന്റെ നേതൃത്വത്തില് പൊലീസ് നടത്തിയ അന്വേഷണത്തില് അപ്പച്ചനാണിതിനു പിന്നിലെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. നടുമറ്റത്തെ കുടുംബവീടിനു സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പൂപ്പാറയില് വീടു കുത്തിത്തുറന്ന് നാലു പവനോളം സ്വര്ണവും മോഷ്ടിച്ചതായി അപ്പച്ചന് പൊലീസിനു മൊഴി നല്കി. അടിമാലി കോടതി റിമാന്ഡ് ചെയ്ത അപ്പച്ചന് ദേവികുളം സബ് ജയിലിലാണിപ്പോള്. കേരളത്തിലെ ഒട്ടുമിക്ക ജയിലുകളിലും അപ്പച്ചന് തടവില് കിടന്നിട്ടുണ്ട്. ശിക്ഷാ കാലയളവില് ജയിലുകളിലെ പ്രധാന പാചകക്കാരനാണ് അപ്പച്ചന്. മോഷണം കഴിഞ്ഞാല് അപ്പച്ചന് ഇഷ്ടമുള്ള തൊഴില് പാചകമാണ്. ജയിലുകളില് അപ്പച്ചന് തയാറാക്കുന്ന രുചികരമായ ഭക്ഷണത്തിന് ആരാധകരേറെയാണെന്നു പൊലീസ് പറയുന്നു.
വര്ഷങ്ങള്ക്കു മുന്പ് മോഷണക്കേസില് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അപ്പച്ചനെ ഹൈറേഞ്ചിലെ ഒരു എസ്ഐ സ്വന്തം വീട്ടിലെ അടുക്കള ജോലിക്കാരനാക്കി. 6 മാസത്തോളം മര്യാദക്കാരനായി ജോലി ചെയ്ത അപ്പച്ചന് ഒരു ദിവസം എസ്ഐയുടെ വീട്ടില് സൂക്ഷിച്ചിരുന്ന കുരുമുളകുമെടുത്തു കടന്നുകളഞ്ഞു. പരമാവധി ആരെയും ആക്രമിക്കാതെ, ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ഓടു പൊളിച്ചും വാതില് കുത്തിത്തുറന്നും മോഷണം നടത്തുന്നതാണ് അപ്പച്ചന്റെ ശീലം. അപ്പച്ചന് തീര്ത്തും വെറൈറ്റി കള്ളനാണെന്നാണ് പോലീസുകാരുടെയെല്ലാം അഭിപ്രായം.