നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകള്‍, ഒരിക്കല്‍ പഠിക്കാന്‍ അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം മാറ്റാന്‍ ഭാവിതലമുറയ്ക്കായി നല്ലകാര്യങ്ങള്‍ ചെയ്ത അലിയുടെ കഥ

അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലി നമ്മുക്കെല്ലാം ഒരു മാതൃകയാണ്. മനസുണ്ടെങ്കില്‍ സമൂഹത്തിന് നന്മചെയ്യാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം. വെറും സാധാരണക്കാരനായ വിദ്യാഭ്യാസമില്ലാത്ത സൈക്കിള്‍ റിക്ഷാവലിക്കാരനാണ് അദേഹം. എന്നാല്‍ അദ്ദേഹം തന്റെ 82-മത്തെ വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്.

തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയത്. പട്ടിണി കിടന്നും പോകാന്‍ തയാറായാലും അടുത്തെങ്ങും അത്തരത്തില്‍ ഒരു സ്‌കൂള്‍ ഇല്ലാതിരുന്നതും മറ്റൊരു കാരണമായി. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു.

അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അടുത്ത തലമുറയ്ക്കായി തന്റെ ജീവിതം കൊണ്ട് മാര്‍ഗ്ഗം കാട്ടി കൊടുത്ത ഈ വൃദ്ധനെ തേടി പ്രധാനമന്ത്രിയുടെ പ്രശംസയും എത്തി. കഴിഞ്ഞ വര്‍ഷം അലിയുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തില്‍ സ്മരിച്ചിരുന്നു. ഇപ്പോള്‍ നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് അദേഹം.

Related posts