വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയവരില്‍ മുന്നില്‍ നിന്നത് അശ്വതി ജ്വാലയാണ്. തിരുവനന്തപുരം ആസ്ഥാനമായി തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇൗ പെണ്‍കുട്ടി.
സ്‌കൂള്‍ പഠനകാലത്തു തന്നെ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ചു വന്നിരുന്ന അശ്വതിക്കെതിരേ ഇപ്പോള്‍ ഒരുകൂട്ടര്‍ നടത്തുന്ന വ്യക്തിഹത്യയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. ലിഗയുടെ പേരില്‍ അശ്വതി പണംപിരിച്ചെന്ന ആരോപണമാണ് കോവളം സ്വദേശിയായ അനില്‍കുമാറാണ്. ഇയാളാകട്ടെ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകനും.
അശ്വതിക്ക് പിന്തുണയുമായി സോഷ്യല്‍മീഡിയയില്‍ വൈറലായ പോസ്റ്റ് വായിക്കാം- കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, സമയം ഉച്ചക്ക് ഒരു മണിയോടടുക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ ചുവന്ന ഇരുചക്രവാഹനത്തില്‍ ഒരു പെണ്‍കുട്ടി ചുറ്റുന്നത് കാണാം. അവളുടെ വാഹനത്തിലെ സഞ്ചിയില്‍ നിറയെ ഭക്ഷണ പൊതികളാണ്.
തെരുവിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ അഗതികളുടെ ജീവാമൃതം നിറച്ച പൊതികള്‍. ഒരു വീട്ടുജോലിക്കാരിയുടെയും അവരുടെ രണ്ടു പെണ്‍മക്കളുടെയും അധ്വാനത്തില്‍ നിന്നും മിച്ചം പിടിച്ചു, ഉറ്റവരും ഉടയവരും ഇല്ലാത്തവരെ ഊട്ടുന്നവള്‍ – അശ്വതി നായര്‍.
തിരുവന്തപുരം മുട്ടത്തറ സ്വദേശി. തന്റെ കണ്ണുനീര്‍ മാത്രമല്ല തെരുവില്‍ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടുന്നവരുടെയും സങ്കടങ്ങള്‍ കാണാന്‍ അശ്വതിയ്ക്കു കഴിയുന്നത് വിശപ്പെന്തെന്നു നന്നായി മനസിലാക്കിയതു കൊണ്ടാണ്.
ഭര്‍ത്താവുപേക്ഷിച്ചു പോയപ്പോള്‍ സമീപവീടുകളില്‍ പകല്‍ സമയ ജോലിയും സന്ധ്യമുതല്‍ അര്‍ദ്ധരാത്രിയോളം തട്ടുകടജോലിയും ചെയ്യുമ്പോള്‍ നന്നായി പഠിക്കുന്ന മക്കളില്‍ ആയിരുന്നു വിജയകുമാരിയമ്മയുടെ സ്വപ്നങ്ങള്‍, പ്രത്യേകിച്ചും മകള്‍ അശ്വതിയില്‍. കടുത്ത പട്ടിണിയിലും ദാരിദ്രത്തിലും പ്ലസ്ടു വരെ അശ്വതിയുടെ വിദ്യാഭ്യാസം വലിയ അല്ലലില്ലാതെ മുന്നോട്ടു പോയി.ഈ സമയം വിജയകുമാരിയമ്മയുടെ മൂത്തമകന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയിരുന്നു.
പ്ലസ്ടുവിനു ശേഷം നേഴ്‌സ് ആകാന്‍ ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചില്ല. അതിനാല്‍ കേരളത്തിന്റെ പുറത്ത് പഠിക്കാന്‍ ശ്രമിച്ചെങ്കിലും, പട്ടിണികിടന്നും കടം മേടിച്ചും സ്വരൂപിച്ച അഡ്മിഷന്‍ പണം കബളിപ്പിച്ചുകൊണ്ടു ഏജന്റ് മുങ്ങി. അതോടെ ബീകോമിന് പാരലല്‍ ആയി പഠിക്കുകയും ഒപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ മെഡിക്കല്‍ റിപ്രസെന്റെറ്റീവ് ജോലിയും തുടങ്ങി.
സ്വന്തം ചേരിയില്‍ പെട്ട ഒരാള്‍ ഒരിക്കല്‍ വിശന്നു കരഞ്ഞു ഭക്ഷണം ചോദിച്ചപ്പോഴാണ് തന്റെ ചുറ്റും ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത അനേകരുണ്ടെന്നു അവള്‍ ശ്രദ്ധിച്ചത്. അവര്‍ക്കും കൂടി ഭക്ഷണം കൊടുത്താലോ എന്നു അമ്മയോടു അശ്വതി പറഞ്ഞപ്പോള്‍ പട്ടിണിയും ഒറ്റപ്പെടലും ആരെക്കാള്‍ നന്നായി അറിയാവുന്ന ആ സ്ത്രീ സന്തോഷിക്കുകയാണുണ്ടായത്.
അടുത്തദിവസം രാവിലെ ആറു പൊതി ചോറുമായാണ് അശ്വതി ജോലിക്കിറങ്ങിയത്. അതിന്റെ എണ്ണം നാള്‍ക്കുനാള്‍ നാള്‍ പിന്നെ കൂടി വന്നു. രാവിലെ വീടു ജോലിക്ക് പോകുന്നതിനു മുന്‍പായി ആ അമ്മ പൊതികള്‍ തയ്യാറാക്കി വെയ്ക്കും.മകള്‍ അതുമെടുത്തു ജോലിക്ക് പോകും. ഉച്ചയാകുമ്പോള്‍ തിരുവന്തപുരത്തെ തെരുവോരങ്ങളില്‍ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് പോകും. ഇതു അശ്വതിയും അമ്മയും അനുജത്തി രേവതിയും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
ജേഷ്ഠന്‍ വിവാഹിതനായി കുടുംബജീവിതം തുടങ്ങിയിരുന്നു. പിന്നീട് മെഡിക്കല്‍കോളേജില്‍ ഒന്‍പതാം വാര്‍ഡിലെ രോഗികളുടെ ദയനീയ സാഹചര്യം നേരിട്ടു കാണാനിടയായി, അവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ക്രൂരമായ സമീപനമാണ് അധികാരികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്, അവസാനം മനുഷ്യാവകാശകമ്മീഷനെ പ്രശ്‌നത്തിലേക്ക് ഇടപെടുത്തിയത്തിനു ശേഷമാണ് അനുമതി ലഭിച്ചത്.
ബീകോമിന് ശേഷം എല്‍എല്‍ബി ഈവനിംഗ് കോഴ്‌സിനു ചേര്‍ന്നു. ഇതിനിടെ സോഷ്യല്‍മീഡിയകളില്‍ കൂടി മറ്റും അറിഞ്ഞും കേട്ടും ചിലര്‍ സഹായിക്കാന്‍ തുടങ്ങി. അവരോടൊപ്പം ചേര്‍ന്നു ജ്വാല എന്ന സംഘടന രൂപികരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും പുനരധിവസിപ്പിക്കാന്‍ ഒരു വീടു വാടകയ്ക്ക് എടുത്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ അനേകരെ പ്രാപ്തരാക്കാന്‍ സഹായിക്കാന്‍ ലോട്ടറി ടിക്കറ്റും ബോര്‍ഡും അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന ഒരു ആശയം അടുത്തിടെ മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി.
ഭിക്ഷാടനത്തെ പല കാരണങ്ങളാലും പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന അശ്വതി, അര്‍ഹരായവരില്‍ തന്നെയാണ് തന്റെ സഹായം ചെല്ലുന്നത് എന്നു ആദ്യംമുതലേ ഉറപ്പുവരുത്തിയിരുന്നു.
മാറാരോഗമായതിനാല്‍ ഭര്‍ത്താവും മക്കളും കല്ലെറിഞ്ഞോടിച്ച ഒരു അന്യഭാഷ നടിയും, അമ്മയെ അച്ഛന്‍ ക്രൂരമായി കൊല്ലുന്നത് കണ്ടു സ്വയം ഭ്രാന്തഭിനയിച്ചു വീടുവിട്ടിറങ്ങി അലഞ്ഞുതിരിയുന്ന സമ്പന്നനായിരുന്ന യുവാവും, ജീവിത സായാന്ഹത്തില്‍ മക്കള്‍ നടതള്ളിയവരും എല്ലാം കണ്ടുമുട്ടിയ അനേകരില്‍ ചിലര്‍. അവര്‍ക്കാണ് അശ്വതി ഇന്നു താങ്ങും തണലുമാകാന്‍ ശ്രമിക്കുന്നത്.