രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ സൈനികര്‍ക്കായി എത്തിച്ചിരുന്ന ലൈംഗിക അടിമകളുടെ കഥ വീണ്ടും ചര്‍ച്ചയാകുകയാണ്.
സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈനികരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി ജാപ്പനീസ് ഗവണ്‍മെന്റ് തന്നെയാണ് ഇത്തരത്തില്‍ ലൈംഗിക അടിമകളെ ഏര്‍പ്പാടാക്കിയതെന്നതാണ് വസ്തുത.
യുദ്ധം മൂര്‍ദ്ധന്യഘട്ടത്തിലായിരിക്കുമ്പോള്‍ സൈനികരുടെ ആവശ്യം തള്ളിക്കളയാന്‍ ഗവണ്‍മെന്റിനാവുമായിരുന്നില്ല. അങ്ങനെ അന്നത്തെ ഇംപീരിയല്‍ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടില്‍ നിന്നും, ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കംഫര്‍ട്ട് വിമെന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്.
ജാപ്പനീസില്‍ അവരെ വിളിച്ചിരുന്നത് ഇയാന്‍ഫു എന്നായിരുന്നു. ജാപ്പനീസില്‍ ആ വാക്കിന്റെ അര്‍ഥം ‘വേശ്യ’ എന്നായിരുന്നു.
1939 സെപ്തംബര്‍ 1 മുതല്‍, 1945 സെപ്തംബര്‍ 2 വരെയാണ് ലോകമഹായുദ്ധം നീണ്ടുനിന്നത്. സെക്ഷ്വല്‍ ‘കംഫര്‍ട്ട്’ അഥവാ ‘ലൈംഗികസാന്ത്വനം’ നല്കാന്‍ വേണ്ടി ജപ്പാനില്‍ തുടക്കത്തില്‍ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു.
യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം ആവശ്യക്കാരുടെ എണ്ണവുമായി ഒത്തുപോകാതെയായി.
അതോടെ ആ പണിക്ക് നിര്‍ബന്ധിച്ച് ജപ്പാന്‍ സൈന്യം സ്വന്തം നാട്ടുകാരെയും, കീഴടക്കുന്ന നാട്ടിലെ യുവതികളെയും നിയോഗിക്കാന്‍ തുടങ്ങി.
ജാപ്പനീസ് സൈന്യത്തിന്റെ കണക്കനുസരിച്ച് ആകെ 20,000 പേര്‍ മാത്രമാണ് ഈ ജോലിയ്ക്ക് നിയുക്തരായിരുന്നത്. എന്നാല്‍ 360,000 മുതല്‍ 410,000 വരെ യുവതികള്‍ക്ക് ഈ ഗതികേടുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് അധിനിവേശ കേന്ദ്രങ്ങളായിരുന്ന കൊറിയ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ പേരും എത്തിയിരുന്നത്.. ജാപ്പനീസ് മിലിട്ടറിയുടെ ബര്‍മ, തായ്ലന്‍ഡ്, വിയറ്റ്നാം, മലയ, മച്ചുക്വോ, തായ്വാന്‍ എന്നിവിടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകളിലേക്കാണ് ഇവരെ നിയോഗിക്കപ്പെട്ടിരുന്നത്.
70 സൈനികരെ സേവിക്കാന്‍ ഒരു ലൈംഗിക അടിമയെങ്കിലും വേണമെന്നായിരുന്നു കണക്ക്. എന്നാല്‍ നേവിക്ക് ഇനിയും 150 ലൈംഗിക അടിമകളുടെയെങ്കിലും ആവശ്യമുണ്ടെന്ന സന്ദേശവും ഒരിക്കല്‍ പുറത്തു വന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
സൈനികര്‍ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും, സൈനികര്‍ക്ക് ലൈംഗിക രോഗങ്ങള്‍ വരാതെ കാക്കാനുമാണ് ഇത്തരം സ്ത്രീകളെ നിയോഗിച്ചിരുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ഈ സ്ത്രീകളില്‍ പലരെയും സൈന്യം അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുവന്നിട്ടുള്ളതാണ്. ഫാക്ടറികളില്‍, ഹോട്ടലുകളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കാം എന്ന് പറഞ്ഞുമായിരുന്നു ഇവരെ കെണിയിലാക്കിയിരുന്നത്.
ജാപ്പനീസ് ഔട്ട് പോസ്റ്റുകളില്‍ നേഴ്സുമാരുടെ വേക്കന്‍സി ഉണ്ടെന്നു വ്യാജപരസ്യങ്ങള്‍ക്കും യുവതികള്‍ ഇരയായി. യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ഇവരില്‍ പലരെയും മോചിപ്പിച്ചു.
ദക്ഷിണകൊറിയയില്‍ നിന്ന് ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട നൂറുകണക്കിന് യുവതികളാണ് പല വിധത്തിലുള്ള രോഗങ്ങള്‍ പിടിപ്പെട്ട് നരകയാതന അനുഭവിച്ചത്. നിരവധി സ്ത്രീകളെ അമേരിക്കന്‍ സൈന്യം മോചിപ്പിച്ചതായും ചരിത്രം പറയുന്നു.