എം.എ. യൂസഫലി എന്ന ബിസിനസുകാരനെ അറിയാത്തവര്‍ കുറവായിരിക്കും. ചെറിയതോതില്‍ തുടങ്ങി ഒടുവില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലുലു ഗ്രൂപ്പ് സ്ഥാപകന്‍ കടന്നുവന്നത് വലിയ പ്രതിസന്ധികളെ മറികടന്നാണ്. മണലാരണ്യത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് യൂസഫലി അടുത്തിടെ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ മനസില്‍ തട്ടുന്നൊരു ഭാഗമുണ്ട്.
രാത്രി വൈകി വന്ന ശേഷം ചൂടുകൊണ്ടു ഉറങ്ങാന്‍ പറ്റാത്ത രാത്രികളുണ്ട്. പലപ്പോഴും രാത്രി ദേഹത്തും ടെറസിലും വെള്ളമൊഴിച്ചു ആ നനവില്‍ കിടന്നുറങ്ങിയിട്ടുണ്ട്. എയര്കണ്ടീഷനൊന്നും അന്നു സ്വപ്നം കാണാന്‍ പോലുമാകില്ല. അതും സ്വപ്നം കണ്ടു കിടന്നിരുന്നെങ്കില്‍ ഇവിടെ എത്തുമാകുമായിരുന്നില്ല. നല്ല വെള്ളവും സൗകര്യങ്ങളുമില്ല. കുറച്ചു നേരം മാത്രമെ വൈദ്യുതി കിട്ടൂ. ചൂടു മൂലം പകല്‍ അധികമാരും പുറത്തിറങ്ങില്ല. കാര്യമായ വ്യവസായങ്ങളുമില്ല. എന്നാലും ഞങ്ങള്‍ മോശമില്ലാതെ കച്ചവടം ചെയ്തു. പല സാധനങ്ങള്‍ ഞങ്ങള്‍ പലരില്‍നിന്നു ശേഖരിച്ചു വില്‍ക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ട് ഇവ നേരിട്ട് ഇറക്കുമതി ചെയ്തു വിറ്റുകൂടാ എന്നു തോന്നിയ നിമിഷമാണു ലുലുവിന്റെ ജനനം എന്നു പറയാം. അങ്ങിനെ ചിന്തിച്ചില്ലായിരുന്നുവെങ്കില് ഒരു സാധാരണ കച്ചവടമായി ഞങ്ങളുടെ കച്ചവടവും മാറിപ്പോയെനെ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വഴി അന്വേഷിച്ചു പോയതോടെ പുതിയ ലോകം തുറന്നു തുടങ്ങി. അവരും ഞങ്ങളും നേരിട്ടായി കച്ചവടം. പിന്നീടു ഞങ്ങള്‍ ചെറുകിട കച്ചവടത്തോടൊപ്പം ഇറക്കുമതിക്കാരുമായി വളര്‍ന്നു. അങ്ങിനെയാണു ലുലു ചെറിയ കടകളും പിന്നീടു വലിയ കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും തുടങ്ങിയത്.
ചാവക്കാട്ടുകാരനായ ചിന്നക്കല്‍ മൊഹസിന്‍ എന്ന സുഹൃത്ത് അടുത്ത കാലത്തു ഇവിടെ വന്നു. 40 വര്‍ഷം മുന്‍പു ഞാന്‍ വരുമ്പോള്‍ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. കുറെക്കാലം കാണുമായിരുന്നു. അദ്ദേഹത്തിനു എന്നെ കാണണം എന്നു പറഞ്ഞപ്പോള്‍ വീട്ടിലേക്കു ക്ഷണിച്ചു. ഭക്ഷണം കഴിച്ചു പിരിയാന്‍ നേരത്തു അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കണ്ണില്‍ വെള്ളം നിറച്ചുകൊണ്ടു പറഞ്ഞു, ‘യൂസഫ് ഭായ് നിങ്ങള്‍ പഴയ യൂസഫ്ഭായ് തന്നെയാണ്. എന്റെ ഏറ്റവും വലിയ സന്തോഷവും അതാണ്. നിങ്ങള്‍ കോടീശ്വരനായതല്ല. വണ്ടിയിലേക്കു സാധനങ്ങള്‍ ചുമന്നു കയറ്റിക്കൊടുക്കുന്ന നിങ്ങളെ! ഞാന്‍ എത്രയോ ദിവസം കണ്ടിട്ടുണ്ട്. അന്നുണ്ടായിരുന്ന അതേ മനസുതന്നെയാണു ഇന്നും നിങ്ങളുടേത്. ഇതു കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. പഴയ കാലത്തുള്ളവര്‍ എന്നെ അതേ മനസ്സോടെ കാണുന്നുവെന്നതും ഞാന്‍ മാറിയിട്ടില്ലെന്നതും വലിയ ബഹുമതിയായി തോന്നി.
നമ്മുടെ ജീവിതത്തില്‍ ബാക്കിയാകുന്നത് ഇതെല്ലാമാണ്. സമ്പാദ്യംകൊണ്ടുമാത്രം ജീവിതം തീരില്ലല്ലോ. എന്റെ ഉമ്മയില്‍നിന്നും കാരണവന്മാരില്നിന്നും കിട്ടിയ ഈ മനസ്സു കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും കൊടുക്കാനായാല്‍ അതായിരിക്കും ഞാന്‍ കൈമാറുന്ന ഏറ്റവും വലിയ സമ്പാദ്യം.