ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ് ലോകത്തെ പണക്കിലുക്കത്തില്‍ വന്നു പെട്ടൊരു അപരിചിതന്. തങ്കരസു നടരാജന് എന്ന ഇരുപത്തഞ്ചുകാരനെ അങ്ങനെ വിശേഷിപ്പിക്കാം. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഏവരെയും ഞെട്ടിച്ച താരമായിരിക്കുകയാണ് ഈ തമിഴ്നാട്ടുകാരന്.
ഐപിഎല്‍ ലേലത്തില്‍ പ്രാദേശിക ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പേരുകള്‍ റിച്ചാര്‍ഡ് മാഡ്ലി വിളിച്ചു തുടങ്ങിയപ്പോള്‍ നടരാജന് എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് കാണികള്‍ക്ക് പരിചിതമായിരുന്നില്ല. വെറും പത്ത് ലക്ഷം രൂപ അടിസ്ഥാന വിലയാണ് ടി നടരാജന് എന്ന തമിഴ് താരത്തിന്റെ പേരിനൊപ്പം ചേര്ത്തിരുന്നുത്. കിങ്സ് ഇലവന് പഞ്ചാബ് നടരാജന് വേണ്ടി ലേലം കൊഴുപ്പിച്ചപ്പോള്‍ വില മൂന്നു കോടിയില്‍ എത്തി.
ക്രിക്കറ്റ് ലോകത്തിന് അത്ര പരിചിത മുഖമല്ല നടരാജന്. റെയില്‍വേ പോര്‍ട്ടറുടെ മകനാണ് നടരാജന്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്നു വരുന്ന നടരാജന് പാരമ്പര്യവും അവകാശപ്പെടാനില്ല. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ് 25 വയസുകാരനായ ഈ സേലം സ്വദേശിയെ ഐപിഎല്ലിലേക്ക് എടുത്തുയര്‍ത്തിയത്. മൂന്നുകോടി രൂപ ലേലത്തുക ഇപ്പോഴും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടരാജന് പറയുന്നു. വേഗതയെ പ്രണയിക്കുന്ന നടരാജന്റെ പ്രിയപ്പെട്ട താരം ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്സണ് ആണ്.