ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് ആദ്യ കാലത്തു നല്‍കിക്കൊണ്ടിരുന്ന യൂള്‍റിമേ കപ്പ് മോഷ്ടിച്ച കള്ളന്മാരുടെ വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. 1966ലായിരുന്നു കപ്പ് മോഷണം പോയത്. കള്ളന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗുമായിരുന്നു ഈ മോഷണത്തിനു പിന്നിലുണ്ടായിരുന്നത് എന്ന വിവരം അടുത്തിടെയാണ് പുറത്തായത്.
അറുപതുകളിലെ സ്വപ്‌നസുന്ദരിയായ ഇറ്റാലിയന്‍ നടി സോഫിയ ലോറന്റെ രണ്ട് ദശലക്ഷം പൗണ്ട് വിലവരുന്ന ആഭരണങ്ങള്‍ അടിച്ചു മാറ്റിയതും ഇതേ കള്ളന്മാര്‍ തന്നെയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്റെ ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്.
ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍ തുറന്ന് അതിലെ തുകല്‍ പെട്ടിയില്‍ ഇട്ടിരുന്ന ആഭരണം എടുത്തുകൊണ്ടു പോവുകയായിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ആഭരണ കൊള്ളയായിട്ടും ഇതുവരെയായും ആരെയും മോഷണക്കേസില്‍ പിടിച്ചതുമില്ല.
സോഫിയ ലോറന് അന്ന് 24 വയസ്സായിരുന്നു പ്രായം. തന്റെ 185,000 പൗണ്ട് വില വരുന്ന ആഭരണം കണ്ടെത്തുന്നതിനായി 20,000 പൗണ്ടാണ് അന്ന് ലോറന്‍ സമ്മാനം വാഗ്ദാനം ചെയ്തത്. ഭര്‍ത്താവ് കാര്‍ലോ പോണ്ടിയുമായി സംസാരിച്ചു കൊണ്ടിരിക്കെ രാത്രി 8 മണിക്കും 10 നും ഇടയിലായിരുന്നു മോഷണം.
കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വരികയും വന്‍ നടിയായി മാറുകയും ചെയ്ത ലോറന്റെ അദ്ധ്വാനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു ആ ആഭരണങ്ങള്‍. വിശ്വവിഖ്യാതമായ മോഷണക്കഥയില്‍ 1994 ല്‍ രണ്ടു പേര്‍ ഈ മോഷണത്തിന്റെ അവകാശം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നില്ല.
77 കാരനായ റേ ജോണ്‍സ് എന്നായാള്‍ വടക്കന്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 63 കാരന്‍ പീറ്റര്‍ സ്‌കോട്ടും മോഷണത്തിന്റെ അവകാശം ഏറ്റെടുത്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
സോഫിയയുടെ നിധി കാണാതാകുമ്പോള്‍ സിഡ്‌നിയ്ക്ക് 40 വയസായിരുന്നു പ്രായം.. ബ്രിട്ടണില്‍ വന്‍കിട മോഷണങ്ങള്‍ മാത്രം നടത്തുകയും പലതവണ ജയിലില്‍ കയറുകയും ചെയ്തിരുന്ന സിഡ്‌നി-റെഗ്ഗ് സഹോദരങ്ങള്‍ പക്ഷേ ഇതിനേക്കാള്‍ വലിയ മോഷണമാണ് പ്ലാന്‍ ചെയ്തിരുന്നത്.
ടവര്‍ ഓഫ് ലണ്ടനില്‍ സുക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യ രത്‌നങ്ങള്‍ പതിച്ച രാജകിരീടമായിരുന്നു മോഷ്ടാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയരത്തില്‍ എത്താനുള്ള വഴിയായി ഇരുവരും കണ്ടെത്തിയിരുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ 500 കോടി മൂല്യം വരുന്ന 12-ാം നൂറ്റാണ്ടിലെ കിരീടത്തിലെ രത്‌നങ്ങള്‍ മോഷ്ടിക്കുന്നത് ഇവര്‍ എപ്പോഴും ചര്‍ച്ച ചെയ്തിരുന്നെന്നാണ് വിവരം. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ല.