തമിഴ്നാടിന്റെ മുഖ്യമന്ത്രിയും തമിഴ്ജനതയുടെ അമ്മയുമായിരുന്ന ജെ ജയലളിതയുടെ മരണശേഷവും അതിന് മുമ്പ് അവരുടെ അസാന്നിധ്യങ്ങളിലും മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഒപിഎസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഒ പനീര്‍ശെല്‍വം. ജയലളിതയുടെ അസാന്നിധ്യം നികത്താന്‍ ഏറ്റവും യോഗ്യന്‍ പനീര്‍ശെല്‍വമാണ് എന്ന് തീരുമാനിക്കാന്‍ എഐഡിഎംകെയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അമ്മയുടെ വിശ്വസ്തനാകാനും അതുവഴി തമിഴ്ജനതയുടെ പ്രീതി നേടാനും ഇദ്ദേഹത്തിനെങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ പനീര്സെല്വത്തേക്കുറിച്ചറിയാം…
തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളത്താണ് പനീര്‍ശെല്‍വം ജനിച്ചതും വളര്‍ന്നതും. പാര്‍ട്ടിയില്‍ ദീര്‍ഘകാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ചുരുക്കം ആളുകളില്‍ ഒരാളാണ് പനീര്‍ശെല്‍വം. എംജിആറിന്റെ കരുത്തനായ ആശ്രിതനും പിന്‍ഗാമിയുമായിരുന്ന ഒപിഎസിന് പെരിയകുളം മുന്‍സിപ്പാലിറ്റി ചെയര്‍മാനാവുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. 1996 ല്‍ ആ ആഗ്രഹം സാക്ഷാത്കരിച്ചു. പിന്നീട് എംഎല്‍എ, മന്ത്രി, അവസാനം മുഖ്യമന്ത്രി സ്ഥാനം വരം കൈയ്യെത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായി. ഇതെല്ലാം ദൈവത്തിന്റേയും അമ്മയുടേയും കടാക്ഷത്താല്‍ സാധിച്ചതാണെന്ന വിശ്വാസക്കാരനാണ് ഒപിഎസ് അന്നും, ഇന്നും.
പനീര്‍ശെല്‍വത്തിന്റെ സഹനശക്തിയും ക്ഷമാശീലവുമാണ് അദ്ദേഹത്തെ ജയലളിതയ്ക്ക് പ്രിയങ്കരിയാക്കിയതെന്നാണ് പറയപ്പെടുന്നത്. കൂടെനിന്ന പലരും കൂറുമാറിയിട്ടും ജയലളിതയുടെ ഒപ്പം നിന്ന ചുരുക്കം പേരില്‍ ഒരാളാണ് ഒപിഎസ്. തന്നെ ഏല്‍പ്പിക്കുന്ന സ്ഥാനങ്ങള്‍ ഏറ്റെടുക്കുമല്ലാതെ അധികാരം കൈക്കലാക്കാന്‍ വേണ്ടി കച്ചകെട്ടി നടക്കുന്ന ഒരാളല്ല പനീര്‍ശെല്‍വമെന്ന് മുതിര്‍ന്ന നേതാക്കള്‍പ്പോലും സമ്മതിക്കുന്ന കാര്യമാണ്. കര്‍ഷകനായിരുന്ന പിതാവ് ഒറ്റക്കാര തേവര് തികഞ്ഞ ദാനശീലനായിരുന്നു. അതുവഴിയാണ് മകനായ പനീര്‍ശെല്‍വവും നാട്ടുകാര്‍ക്ക് പ്രിയങ്കരനായി തീര്‍ന്നത്. പിവി കാന്റീന് എന്ന പേരില്‍ ചായക്കട നടത്തിയും പിന്നീട് ക്ഷീരോത്പാദന കേന്ദ്രം തുടങ്ങിയും പനീര്‍ശെല്‍വം കുടുംബത്തിന്റെ യശസും വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ പങ്കാളിയായി. പിന്നീട് എംജിആറിനോടുള്ള ആരാധന മൂത്ത് എഐഡിഎംകെയില്‍ ചേര്‍ന്നു. ആ സമയത്ത് ചായക്കട സഹോദരന് കൈമാറി. പിന്നീട് രാഷ്ട്രീയത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിതാവില്‍ നിന്ന് കിട്ടിയതും സ്വയം ആര്‍ജിച്ചതുമായ നിശ്ചയ ദാര്‍ഢ്യവും എല്ലാക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥതയുമാണ് പനീര്‍ശെല്‍വത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.