പ്രണവ് മോഹന്‍ലാലിന്റെ ആദി പുറത്തിറങ്ങിയതോടെ മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ പാര്‍കൗര്‍ അഭ്യാസത്തിന്റെ പിന്നാലെയാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ സാഹസിക വിനോദത്തെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ആദിയായിരിക്കും. ആദ്യമായാണ് ഒരു മലയാള സിനിമയില്‍ പാര്‍കൗര്‍ ഉപയോഗിക്കുന്നത്.
1980 കളുടെ തുടക്കത്തില്‍ റെയ്മണ്ട് ബെല്ല എന്ന ഫ്രാന്‍സുകാരനായ ഫയര്‍മാനാണ് ‘പാര്‍ക്കൗര്‍ ‘ എന്ന സാഹസികതയുടെ പിതാവ്. ഓട്ടവും ചാട്ടവും എല്ലാം കൂടി തിളങ്ങിയ കുട്ടിക്കാലത്തെ പിടിച്ചാകിട്ടാത്ത ഓടിപ്പാച്ചിലുണ്ടല്ലോ അതിന്റെ അഴകാര്‍ന്നതും മിഴിവാര്‍ന്നതും സാഹസികവുമായ രൂപവുമാണ് പാര്‍കൗര്‍. ‘പ്രതിസന്ധികളെ തരണം ചെയ്ത് കഴിവതും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തുക’ എന്നതാണ് പാര്‍കൗറിന്റെ അടിസ്ഥാന തത്വം.
ഓട്ടവും, ചാട്ടവും, ലാന്‍ഡിങ്ങ്, റോളിങ്ങ് തുടങ്ങിയ ബേസിക് രീതികള്‍ മാത്രമായിരുന്ന പാര്‍ക്കൗര്‍ ഇപ്പോള്‍ 35 ഓളം ചലന രീതിയില്‍ എത്തി നില്ക്കുന്നു. റെയ്മണ്ടിന്റെ ഈ ആശയം പതുക്കെ പതുക്കെ വളര്‍ന്നു. അദ്ദേഹം ചെറിയ ഗ്രൂപ്പുകള്‍ ആയി പരീശീലനം ആരംഭിച്ചു തുടങ്ങി. ‘യാമക്കാസി ‘ എന്നാണ് ആ ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. നല്ല അച്ചടക്കത്തിലും, ക്യത്യനിഷ്ഠയിലും കൂടെ ആയിരുന്നു പാര്‍കൗര്‍ പരീശിലനം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ഫ്രാന്‍സ് പട്ടാളക്കാരും, അഗ്നിശമനാസേനയിലും പാര്‍കൗര്‍ പരീശീലനത്തിനായ് ഉപയോഗിച്ച് തുടങ്ങി. 1988 ന്റെ തുടക്കത്തില്‍ 16 വയസുകാരന് ആയ റെയ്മണ്ടിന്റെ മകന് ആയ ഡേവിഡ് ബെല്ല ആച്ഛന്റെ പാതയിലോട്ട് എത്തി. അതോടെ പാര്‍ക്കൗര്‍ കൂടുതല്‍ പ്രശസ്തിയാര്‍ജിച്ച സാഹസികരൂപമായി മാറി. പിന്നീടങ്ങോട്ട് പാര്‍കൗറിന്റെ വളര്‍ച്ച ഡേവിഡിലൂടെയായിരുന്നു.
90കളുടെ തുടക്കത്തില്‍ ഇവരുടെ പ്രാക്ടീസിംഗ് വീഡിയോ ഡേവിഡിന്റെ സഹോദരന് ഒരു ചാനലിന് അയച്ചു കൊടുത്തു. അങ്ങനയാണ് പാര്‍കൗര്‍ സിനിമയിലെത്തുന്നതും ലോകം മുഴുവന്‍ പ്രചാരം നേടുന്നതും. എന്നാല്‍ യാമക്കാസി എന്ന ഗ്രൂപ്പിന്റെ പേരില്‍ അറിയപ്പെട്ട് തന്റെ പിതാവിന് ക്രെഡിറ്റ് കിട്ടുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചന്ന ഡേവിഡ്, പാര്‍ക്കൗര്‍ ചെയ്യുന്നവരെ ട്രൗസെഴ്സ് എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആക്കി അതിന്റെ മേധാവിത്വം എറ്റെടുത്തു. അങ്ങിനെ അദ്ദേഹം സിനിമകളില്‍ നടനും, ഫൈറ്റ് മാസ്റ്ററും മറ്റുമായി കരിയര്‍ വളര്‍ത്തി. കുറെ സിനിമകളില്‍ പാര്‍ക്കൗര്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ തന്നെ ഡിസ്ട്രിക്റ്റ് ബി 13 ആണ് ഈ വിദ്യ കൂടുതല്‍ ആയി ഉപയോഗിച്ചിട്ടുള്ളത്.
പാര്‍ക്കൗര്‍ ചെയ്യുന്നതില്‍ സുരക്ഷ വളരെ കുറവായതിനാല്‍ അംഗീകൃത ടൂര്‍ണമെന്റുകള്‍ ആയി ഇത് വരെ അംഗീകരിച്ചിട്ടില്ല. പല രാജ്യങ്ങളിലും സ്ട്രീറ്റ് ഷോയുടെ ഭാഗമായും മറ്റും പാര്‍ക്കൗര്‍ നടത്തി പോരുന്നുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും പാര്‍ക്കൗര്‍ ക്ലബുകള്‍ ഇപ്പോള്‍ ഉണ്ട്. വിദേശത്തു പോയി പാര്‍കൗര്‍ പഠിച്ചാണ് പ്രണവ് സിനിമയില്‍ അഭിനയിച്ചത്. എന്തായാലും വരും നാളുകളില്‍ മലയാളസിനിമയില്‍ പലരും പാര്‍കൗര്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.