പെരുവന്താനത്ത് വിശ്വാസികള്‍ അച്ചാര്‍ വിറ്റു പള്ളി പണിതു, വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ വിറ്റുകിട്ടിയത് അരക്കോടി രൂപയുടെ അച്ചാര്‍, ഒരു ദേശം പള്ളി പണിത അക്കഥ ഇങ്ങനെ

വിശ്വാസികള്‍ അച്ചാര്‍ തയാറാക്കി വിറ്റു പള്ളി പണിതു. അതും ഏഴു മാസത്തെ അച്ചാര്‍ കച്ചവടത്തിലൂടെ നേടിയ വരുമാനം കൊണ്ട്. കിട്ടിയത് അര കോടി രൂപ. ലാഭം 35 ലക്ഷം. പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകയില്‍ അച്ചാര്‍ കൂട്ടി പള്ളി പണിത സംഭവം നാട്ടിലും മറുനാട്ടിലും വാര്‍ത്തയായിരിക്കെ, വികാരി ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിനു പറയാന്‍ ഒന്നു മാത്രം. അധ്വാനമാണ് ആരാധന. ഒരുമയുണ്ടെങ്കില്‍ ഒരു കോടിയുടെ പള്ളിപണി തീര്‍ക്കാന്‍ ഏഴു മാസം ധാരാളം മതി. അതും നയാപൈസ കടമില്ലാതെ. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ആരുടെയും മുഖം ചുളിയാതെ പണമുണ്ടാക്കാന്‍ വഴി ദൈവം കാണിച്ചുതരും. മുറ്റത്തും തൊടിയിലും ചീഞ്ഞുപോകുന്ന നാടന്‍ വിഭവങ്ങള്‍ അച്ചാറാക്കി മാറ്റിയപ്പോള്‍ അതിനുണ്ടായ രുചിയാണ് ഞങ്ങള്‍ക്ക് പിന്‍ബലമായത്.

കോട്ടയം- കുമളി ദേശീയപാതയില്‍ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നാല്‍ 110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള അമലഗിരിയിലെത്താം. ബലക്ഷയത്താല്‍ ഭിത്തി കീറി, ഭൂമികുലുക്കത്തില്‍ കുരിശിളകി മുഖശോഭ മങ്ങിയ പള്ളിയുടെ സ്ഥാനത്താണ് മനോഹരമായ ഈ പുത്തന്‍ കൊച്ചു ദേവാലയം തലയുയര്‍ത്തിയിരിക്കുന്നത്. ആകാശത്തോളം ഉയര്‍ന്ന കുന്നിന്‍ചരുവില്‍ ഇടവകക്കാര്‍ വിശ്വാസത്തിന്റെ അടയാളമായി 200 ദിവസംകൊണ്ടൊരു പള്ളി പണിതെന്നു പറയുന്‌പോള്‍ അദ്ഭുതം എന്നേ പറയേണ്ടതുള്ളു.

പാവങ്ങളും കൂലിപ്പണിക്കാരും മാത്രമുള്ള മലയടിവാരത്താണ് നിശബ്ദമായ അച്ചാര്‍വിപ്ലവത്തിലൂടെ ജനം പള്ളി പണിതത്. കയ്യാലപ്പണി, തേയിലനുള്ള്, മേസ്തിരിപ്പണി, പറന്പില്‍കിള തുടങ്ങിയ ജോലികളാല്‍ അതിജീവനം നടത്തുന്ന പാവങ്ങളുടെ ഗ്രാമമാണിത്. ഇടവകയില്‍ സര്‍ക്കാര്‍ ജോലി ഒരാള്‍ക്കു മാത്രമേയുള്ളു.സ്ത്രീകളേറെയും തൊഴിലുറപ്പുപണി ചെയ്യുന്നവര്‍. പകല്‍ തോട്ടങ്ങളില്‍ അധ്വാനവും രാത്രി തയ്യലും നടത്തിയിട്ടും കുടുംബം പോറ്റാന്‍ ക്ലേശിക്കുന്ന ദരിദ്രസമൂഹമാണ് കുടിയേറ്റഗ്രാമത്തില്‍ ഏറെപ്പേരും.

പണമായി നല്‍കാന്‍ മടിശീലയില്‍ ഒന്നുമില്ല, പള്ളിക്കു മനസോടെ നല്‍കാനുള്ളത് അധ്വാന സംഭാവന മാത്രം എന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന ജനത കഴിഞ്ഞ ജൂണിലെ പള്ളിപ്പൊതുയോഗത്തിലാണ് രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുത്തത്. പുതിയ പള്ളി പണിയണം. ആദ്യമായി വികാരി പദവിയില്‍ നിര്‍മലഗിരിയില്‍ ചുമതലയേറ്റ കൊച്ചച്ചന്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ജനത്തോടു പറഞ്ഞു. പള്ളി പണിയാന്‍ ഞാന്‍ ഒപ്പമുണ്ടാകും. പക്ഷേ ഒരു കോടിയോളം രൂപ എങ്ങനെ നാം സ്വരൂപിക്കും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കാന്‍ ക്രിസ്തു നല്‍കിയ ഉദ്‌ബോധനത്തിലൂടെ ഭാരതമണ്ണിലെത്തി വിശ്വാസം പ്രഘോഷിച്ച തോമാശ്ലീഹായില്‍ വിശ്വാസമര്‍പ്പിച്ച ഇടവകക്കാര്‍ വികാരിയച്ചനു വാക്കുകൊടുത്തു; പട്ടിണി കിടക്കേണ്ടിവന്നാലും പള്ളി പണിയാന്‍ ഞങ്ങള്‍ അച്ചനൊപ്പമുണ്ടാകും. പള്ളി പണിയാന്‍ കാലങ്ങളായി അമലഗിരി ഇടവക സ്വരൂപിച്ചുവച്ചിരുന്ന 12 ലക്ഷം രൂപകൊണ്ട് പണി തീരുമോ. പള്ളി പണിയുന്നതിനൊപ്പം പള്ളിമുറ്റം മോടിയാക്കണം, വൈദികമന്ദിരം കേടുപാടുതീര്‍ക്കണം.

കലപ്പയില്‍ കൈവച്ചാല്‍പിന്നെ പിന്നോട്ടു നോക്കരുതെന്നാണ് പ്രമാണം. കഴിഞ്ഞ ദുക്‌റാനപ്പെരുന്നാളിന് പള്ളിക്കു കല്ലിട്ടതിനുശേഷം ഇടവകയിലെ 400 വിശ്വാസികളും മനസിലൊരു പ്രതിജ്ഞ ചൊല്ലി- പള്ളി പണി തീരുംവരെ പിന്നോട്ടുപോകില്ല. കൂലിവേലയ്‌ക്കൊപ്പം പള്ളിവേലയും ചെയ്യും. കൂലി വരുമാനത്തില്‍ എന്നും ഒരു വിഹിതം പള്ളിക്ക്. പള്ളി പണി തീരുംവരെ വീട്ടില്‍ ആഘോഷം വേണ്ട, ആര്‍ഭാടം വേണ്ട.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്വാശ്രയപാഠങ്ങളുള്‍ക്കൊണ്ട വനിതകള്‍ പറഞ്ഞു. മാതൃദീപ്തിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ വസ്ത്രങ്ങള്‍ തയ്ച്ച് സമീപത്തെ പള്ളികള്‍തോറും വില്‍ക്കാം. പിതൃവേദി നേതൃത്വത്തില്‍ പുരുഷന്‍മാര്‍ പറഞ്ഞു. കല്ലും മണ്ണും തടിയും ചുമക്കാന്‍ ഒരാളെപ്പോലും കൂലിക്കു നിറുത്തേണ്ടതില്ല, കായികാധ്വാനം പൂര്‍ണമായി ശ്രമദാനമായി ഞങ്ങള്‍ നടത്തും. ആവുന്ന ജോലി ചെയ്ത് പള്ളി മുറ്റത്തുതന്നെ കിടന്നോളാമെന്നായി മിഷന്‍ലീഗിലെയും അള്‍ത്താര ബാലസഖ്യത്തിലെയും കുട്ടികള്‍. ഇടവകകൂട്ടായ്മയുടെ ശാക്തീകരണത്തിനു ചൈതന്യം പകര്‍ന്ന് ഇടവകയിലെ തിരുഹൃദയ സന്യാസിനികളും മുന്നില്‍ നിലകൊണ്ടു.

തൊഴിലാളികളായ സ്ത്രീകള്‍ ഉണ്ണാതെയും ഉറങ്ങാതെയും വീടുകളില്‍ തയ്യല്‍ തുടങ്ങി. ഇവര്‍ തുന്നിയ റെഡിമെയ്ഡ് ഉടയാടകളുമായി ഇടവകയിലെ മറ്റു സ്ത്രീകള്‍ അയല്‍ഗ്രാമങ്ങളിലെ വീടുകള്‍ കയറിയിറങ്ങി. ഒരു പള്ളി പണിയാനുള്ള വിശ്വാസികളുടെ ആഗ്രഹത്തിന് ജാതിമതഭേദമെന്യേ അകമഴിഞ്ഞ സഹകരണമുണ്ടായി. ഒരു മാസത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയുടെ ഉടയാട വിറ്റതായിരുന്നു പള്ളിപണിക്കുള്ള ആദ്യമൂലധനം. തയ്യല്‍കൊണ്ടുമാത്രം തീരില്ല പള്ളിയെന്നു കണ്ടപ്പോള്‍ ഇടവകക്കാര്‍ കണ്ടെത്തിയ വരുമാന മാര്‍ഗമാണ് അച്ചാറുണ്ടാക്കി വില്‍പന.

അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങള്‍ എങ്ങനെ വാങ്ങും, എവിടെ വില്‍ക്കും എന്നതായി ഇടവകക്കാരുടെ ചിന്ത. കൈപ്പുണ്യമുള്ള ഒരു നിര അമ്മമാര്‍ മുന്നോട്ടിറങ്ങി പറഞ്ഞു, രുചികരമായി അച്ചാര്‍ ഞങ്ങളുണ്ടാക്കിത്തരാം. ആണുങ്ങള്‍ പറഞ്ഞു, അച്ചാര്‍ വില്‍പന ഞങ്ങളേറ്റു. കുട്ടികള്‍ പറഞ്ഞു അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങളെത്തിക്കാന്‍ ഞങ്ങളും കൂടെ. ഇടവക ട്രസ്റ്റിമാരായ സണ്ണി മുതുകാട്ടില്‍, ജോസഫ് പുല്ലാട്ട് എന്നിവരുടെ നേതൃത്വംകൂടിയായപ്പോള്‍ ശ്രമദാനത്തിനു വേഗമേറി.

സ്വന്തം വീട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച് അച്ചാറുണ്ടാക്കിയാല്‍ മാര്‍ക്കറ്റില്‍നിന്ന് അധികം സാധനങ്ങള്‍ വാങ്ങേണ്ടിവരില്ലല്ലോ. അങ്ങനെ വീടുകളില്‍നിന്ന് നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാന്പങ്ങ, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുന്പളങ്ങ, ചേന തുടങ്ങിയവയൊക്കെ ശേഖരിച്ച് അച്ചാറുണ്ടാക്കി. പാക്കിംഗിനുള്ള സജ്ജീകരണങ്ങളും പള്ളിമുറിയില്‍ സജ്ജമാക്കി.

തൊഴിലുറപ്പുജോലിയും തേയില നുള്ളും കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ വാര്‍ഡുകൂട്ടായ്മകളില്‍ ഒരുമിച്ചു പാചകം നടത്തി. അച്ചാറിനുള്ള വിഭവങ്ങളൊക്കെ എത്തിക്കാനും പാക്കിംഗിനും പുരുഷന്‍മാരും സജീവമായി. സഹപാഠികളുടെ വീടുകളിലും അയല്‍ഗ്രാമങ്ങളിലും നിന്നു ചാന്പയ്ക്കയും മാങ്ങയും ജാതിക്കയും പറിച്ചുകൊണ്ടുവന്നിരുന്ന കുട്ടികളുടെ അധ്വാനം മുതിര്‍ന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

ഇറച്ചി, മീന്‍, വെളുത്തുള്ളി അച്ചാറുകള്‍ വേറെയും. അരകിലോ, കാല്‍കിലോ വീതം പാക്കുകള്‍. ഞായറാഴ്ചകളില്‍ ഇടവകക്കാര്‍ ഗ്രൂപ്പുകളായി അച്ചാര്‍ കുപ്പികള്‍ തലയിലും പുറത്തും ചുമന്ന് വിവിധ ഇടവകകളിലേക്ക് പുറപ്പെട്ടു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി രൂപതകളിലെ വിവിധ പള്ളികളിലായിരുന്നു വില്‍പന. കൃത്രിമത്വമില്ലാത്ത രുചിയുള്ള അമലഗിരി അച്ചാറുമായി എത്തേണ്ട താമസം വാങ്ങാന്‍ ഓരോ പള്ളിയിലും ജനം തിക്കിത്തിരക്കി. അച്ചാര്‍ വില്‍പന സജീവമായപ്പോള്‍ വസ്ത്രങ്ങളുടെ വില്‍പന തത്്കാലം വേണ്ടെന്നുവച്ചു.

സ്വന്തമായൊരു ദേവാലയം പണിതീര്‍ക്കാന്‍ കൊതിച്ചെത്തിയ അമലഗിരിക്കാരെ സഹോദരവായ്‌പോടെ വിവിധ രൂപതകളിലെ 55 ഇടവകക്കാര്‍ വരവേറ്റു. അച്ചാറുകള്‍ വില്‍ക്കാതെ തിരികെ കൊണ്ടുപോകേണ്ട സാഹചര്യം ഒരിടത്തുമുണ്ടായില്ല.

ഒറ്റ ദിവസം മൂന്നര ലക്ഷം രൂപയുടെ അച്ചാര്‍ വിറ്റ പള്ളികളുണ്ടെന്ന് പറയുന്‌പോള്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിന് സ്വന്തം ജനത്തെക്കുറിച്ച് അഭിമാനം. രണ്ടും രണ്ടരയും ലക്ഷം രൂപയ്ക്ക് അച്ചാര്‍ വാങ്ങിയവരും വിദേശത്ത് മക്കള്‍ക്ക് കൊടുത്തയച്ചവരുമായ ഇടവകക്കാരുണ്ട്. അച്ചാര്‍ ചോദിച്ച് അമലഗിരി കുന്നു കയറിവന്നവരുമുണ്ട്. അങ്ങനെ കഴിഞ്ഞ ആറേഴു മാസം വിശ്വാസികള്‍ അച്ചാര്‍ വിറ്റു നടന്നപ്പോള്‍ പള്ളിയുടെ മുഖവാരം പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരുന്നു.

അച്ചാറുണ്ടാക്കാന്‍ മുളകും ഉപ്പുമൊക്കെ സംഭാവന നല്‍കിയ വ്യാപാരികളും ചാന്പയ്ക്കയും ചേനയുമൊക്കെ ദാനം നല്‍കിയ അക്രൈസ്തവരും കാണിച്ച കാരുണ്യം വലുതാണ്- ഇടവകക്കാരെ ഒരുമയില്‍ നയിക്കാന്‍ മുന്‍നിരയിലുള്ള സിസ്റ്റര്‍ സില്‍വി എസ്എച്ച് പറഞ്ഞു.

ഇടവകക്കാര്‍ കരുതിവച്ചിരുന്ന 12 ലക്ഷവും അച്ചാര്‍ വിറ്റുകിട്ടിയ 35 ലക്ഷവും വസ്ത്രം വിറ്റുണ്ടാക്കിയ ഒന്നര ലക്ഷവും കൂടെ ഇടവകക്കാര്‍ ദിവസവും കുടുക്കകളില്‍ കരുതി വച്ച ദശാംശവും ചേര്‍ന്നപ്പോള്‍ നോക്കിനില്‍ക്കെ അമലഗിരിക്കാര്‍ പുത്തന്‍പള്ളി സ്വന്തമാക്കി. നയാപൈസ കടമില്ലാതെ ഒരു കോടിയോളം രൂപ ചെലവില്‍ മനോഹരമായ പള്ളി ഒന്‍പതാം മാസം അമലഗിരി കുന്നില്‍ പൂര്‍ത്തിയായിരിക്കുന്നു. പ്രായം എണ്‍പതു പിന്നിട്ടവരും ഒന്നാം ക്ലാസില്‍ പഠനം തുടങ്ങിയവരുമൊക്കെയുണ്ട് അധ്വാനം ആരാധനയായി അര്‍പ്പിച്ച് ഈ പള്ളിമുറ്റത്ത്.

പകല്‍ കൂലിവേല കഴിഞ്ഞ് രാത്രി പള്ളിപ്പുരയിടത്തിലെ കല്ല് ഇടവകക്കാര്‍ തനിയെ പൊട്ടിച്ച് ചുമന്നടുപ്പിച്ചു. മൂന്നു കിലോമീറ്റര്‍ ദുര്‍ഘടപാതയിലൂടെ തടി തലയില്‍ ചുമന്നുകൊണ്ടുവന്നു. മണ്ണും ഇഷ്ടികയും കന്പിയുമൊക്കെ ഒന്നര മൈല്‍ തലച്ചുമടായി എത്തിച്ചത് സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നാണ്. പള്ളിമുറ്റത്തെ കല്‍ക്കെട്ട് നിര്‍മിച്ചത് ഇടവകക്കാരായ കല്ലാശാരിമാര്‍തന്നെ.

ഇന്ന് പുതുഞായര്‍ തിരുനാള്‍ ദിനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും ചേര്‍ന്ന് അമലഗിരിയിലെ പുത്തന്‍ പള്ളി വെഞ്ചരിക്കും. അച്ചാര്‍ വിറ്റുണ്ടാക്കിയ സ്വന്തം പള്ളിക്കു മുന്നില്‍ അഭിമാനത്തോടെ നിലകൊള്ളുകയാണ് അധ്വാനം കൈമുതലാക്കിയ അമലഗിരി ഇടവകജനം.

റെജി ജോസഫ്

 

Related posts