ദത്തെടുത്ത് വളര്‍ത്തിയ മകന്റെ വിദ്യാഭ്യാസത്തിനും ബിസിനസിനുമായി സമ്പാദ്യമെല്ലാം ചെലവാക്കിയ പ്രഭ ഇന്ന് ചികിത്സക്ക് പണമില്ലാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ്. തെരുവില്‍ നിന്നെടുത്ത് സ്നേഹം കൊടുത്ത് വളര്‍ത്തിയ കഥ പറയുകയാണ് പ്രഭ. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രഭയുടെ കഥ പുറംലോകം അറിയുന്നത്. പ്രഭയ്ക്ക് വേണ്ടി ധനസമാഹരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുകയാണ്.
സ്ത്രീകള്‍ക്ക് പഠിക്കാനോ, ജോലി ചെയ്യാനോ അനുവാദമില്ലാത്ത ഒരു സമൂഹത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ എന്റെ അച്ഛന് അതിനെതിരെ നിലകൊണ്ടു, എന്നെ പഠിപ്പിച്ചു. എനിക്ക് ബിരുദം പൂര്‍ത്തിയാക്കാനായി. എന്റെ സമുദായത്തില്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയായിരുന്നു ഞാന്‍. ഞാന്‍ വിവാഹിതയായി. കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല.
എനിക്ക് ഗര്‍ഭം ധരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു. മാതാപിതാക്കളില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു, അവരില്‍ ഒരാള്‍ക്ക് വേണ്ടി തീരുമാനിക്കപ്പെട്ടവരാകാം ഞങ്ങളെന്നും. അതുകൊണ്ട് ഞങ്ങള്‍ ദത്തെടുക്കാന്‍ തീരുമാനിച്ചു. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് അവന് വീട്ടിലെത്തുന്നത്.
ഞങ്ങളവനെ എത്രത്തോളം സ്നേഹിച്ചു എന്ന് പറയാന്‍ വാക്കുകള്‍ തികയില്ല. അവന് ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിറച്ചു. സമ്പാദിക്കുന്ന ഒരോ നാണയവും അവന്റെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാറ്റിലും ഏറ്റവും നല്ലത് അവന് ലഭിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങള്‍ പണം കൂട്ടിവെച്ചുകൊണ്ടിരുന്നു. അവനെ ബിരുദപഠനത്തിനായി ലണ്ടനിലേക്ക് അയച്ചു.
അവന് ലോകം കീഴടക്കാന്‍ പോവുകയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അവന് ഞങ്ങളെ വേണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ഫോണ്‍കോളിനോ അയച്ച മെസേജിനോ അവന് മറുപടിയൊന്നും നല്‍കിയില്ല. ആ സമയത്താണ് എന്റെ ഭര്‍ത്താവിന് കാന്‍സര്‍ വരുന്നത്. ഞങ്ങള്‍ സമ്പാദ്യം മുഴുവനും മകന് വേണ്ടി ചെലവഴിച്ചിരുന്നു. അതിനാല്‍ ചികിത്സക്കായി ഞങ്ങളുടെ കൈയില്‍ ഒന്നും അവശേഷിച്ചിരുന്നില്ല.
സഹായിക്കണമെന്ന ആവശ്യവുമായി മകനെ നിരന്തരം സമീപിച്ചു. എന്നാല്‍ എന്റെ ആവശ്യങ്ങളെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. എന്റെ ഭര്‍ത്താവ് മരണപ്പെട്ടു. അതിന് ശേഷം എന്റെ മകന് തിരികെ വന്നു. ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ പണം ചോദിച്ചുകൊണ്ട്. എന്റെ പേരിലുള്ള വീട് മാത്രമായിരുന്നു എന്റെ കൈയില്‍ ആകെയുണ്ടായ സമ്പാദ്യം.
ഞാനത് വിറ്റ് അവന് പണം നല്കി. അവന് ദുബായിലേക്ക് പോയി. അവിടെ ഒരു ബിസിനസ്സ് ആരംഭിച്ചു. അവന് ഒരു നിലയില്‍ എത്തിയാല്‍ എന്നെ അവന് സംരക്ഷിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ പക്ഷേ പിന്നീട് ഞാന്‍ അവനെ കണ്ടിട്ടില്ല. എന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. പലവിധ അസുഖങ്ങള്‍ എന്നെ അലട്ടിയിരുന്നു. എനിക്കാകെ ലഭിച്ചിരുന്നത് മൂവായിരം രൂപ പെന്‍ഷനാണ്. അതെന്റെ ഭക്ഷണത്തിന് തന്നെ തികഞ്ഞിരുന്നില്ല.
ഞാന്‍ എല്ലുതോലുമായി. എനിക്ക് നടക്കാന്‍ കഴിയില്ല. എന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായി. എനിക്ക് മൂത്രത്തില്‍ കല്ലുണ്ട്, നല്ല വേദനയാണ്. എനിക്ക് പ്രായമായി ഒരോ ദിവസവും ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ എനിക്കാരുമില്ലെന്ന വിഷമങ്ങളും മാനസികമായി എന്നെ അലട്ടുന്നു. എവിടെയാണെങ്കിലും എന്റെ മകന് നന്നായിരിക്കണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.