ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന ആര്.കെ. ധവന് (81) അന്തരിച്ചു. 1962 മുതല്‍ 84-ല്‍ ഇന്ദിര വധിക്കപ്പെടുന്നതുവരെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി ധവന് കരുതപ്പെട്ടു. മുഖ്യമന്ത്രിമാരെ വിളിച്ചു ശാസിക്കാന്‍വരെ ധവനു കഴിയുമായിരുന്നു. ഉയര്‍ച്ച-താഴ്ചകളിലെല്ലാം ധവന് ഇന്ദിരയോടൊപ്പം നിന്നു.
ഇന്ദിരാഗാന്ധിക്കു വെടിയേല്ക്കുമ്പോള് ധവന് സമീപത്തുണ്ടായിരുന്നു. ഇന്ദിരാവധത്തില്‍ പങ്കുണ്ടെന്നു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ധവനെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നു പുറത്താക്കി. ഇന്ദിരാവധം അന്വേഷിച്ച ജസ്റ്റീസ് എം.പി. ഠാക്കര്‍ കമ്മീഷന് ധവനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ 1989-ല്‍ രാജീവ്ഗാന്ധി ധവനെ തിരിച്ചെടുത്തു. പിന്നീട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗംവരെ എത്തി. 1990-ല്‍ രാജ്യസഭാംഗവുമായി. ഭാര്യ അചല.
നെഹ്റു-ഗാന്ധി കുടുംബത്തോടൊത്ത് അരനൂറ്റാണ്ടോളം ചെലവഴിച്ച ആര്.കെ. ധവന് അറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങളെപ്പറ്റി സമ്പൂര്‍ണ നിശബ്ദത പാലിച്ച വിശ്വസ്തനായിരുന്നു. രാജീവ്ഗാന്ധി പുറന്തള്ളിയകാലത്തുപോലും ധവന് രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ മുതിര്‍ന്നില്ല.
ഇന്ദിരാഗാന്ധിയുടെ കണ്ണും കാതുമായി അറിയപ്പെട്ടിരുന്ന ധവന്റെ അനുമതിയില്ലാതെ ഒരാള്‍ക്കും ഇന്ദിരയെ കാണാന്‍ സാധ്യമല്ലാതിരുന്ന കാലവുമുണ്ട്. ശൈശവകാലം മുതല്‍ താന്‍ അറിയുന്ന ആര്.കെ. ധവന്ജിയുടെ നിര്യാണം കോണ്‍ഗ്രസ് കുടുംബത്തില്‍ വലിയ വിടവ് സൃഷ്ടിച്ചെന്നാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.