ശാരി എസ് നായരെ നിങ്ങള്‍ക്കറിയില്ലേ. വിടരും മുമ്പ് ഒരുകൂട്ടം വേട്ടപ്പട്ടികള്‍ ചവിട്ടിയരച്ച പെണ്‍പൂവ്. കൗമാരമെത്തുമുമ്പേ ഞെട്ടറ്റു വീഴേണ്ടിവന്ന തൃക്കൊടിത്താനമെന്ന നാട്ടിന്‍പുറത്തെ ഒരു സാധാ പെണ്‍കുട്ടി. ഈ ലോകത്തെ മനസിലാക്കുംമുമ്പ് അമ്മയുടെ ചേച്ചിയാല്‍ ചതിയില്‍പ്പെട്ട് പലരും ദുരുപയോഗിച്ച ആ പെണ്‍കുട്ടിയുടെ വിയോഗത്തിന് വയസ് 13 ആകുകയാണ്. അവളുടെ അച്ഛന് സുരേന്ദ്രന്റെ ഒറ്റയാന് പോരാട്ടത്തിനും അതേ പ്രായം. ശാരിയുടെ അച്ഛനുമായി ഹഫീസ് കെ.വി നടത്തിയ ഒരു അഭിമുഖം പുനപ്രസിദ്ധീകരിക്കുകയാണ് രാഷ്ട്രദീപികഡോട്ട്കോം. പെണ്മക്കളുള്ള ഓരോ മാതാപിതാക്കള്‍ക്കും കുഞ്ഞനുജത്തിമാരുള്ള ഓരോരുത്തര്‍ക്കുമായി ഒരു പുനര്‍വായന.
ചങ്ങനാശ്ശേരിയില്‍ ബസിറങ്ങുമ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി വില്പനക്കിടെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പോയത്. ലോട്ടറി നിരോധത്തിനുശേഷം അധികമായങ്ങനെ ടൗണിലേക്ക് വരാറില്ലെന്ന് മനസിലായതോടെ കിളിരൂരിലെ തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കുതന്നെ തിരിക്കാമെന്ന് വെച്ചു. ”പത്രത്തീന്നാവൂംല്ലേ?” വഴി ചോദിച്ചവരൊക്കെ ഏറെ പരിചിതനോടെന്നപോലെ തിരക്കി. ശരിയാണ്, അല്ലാതെ ആര് വരാനാണ് ഇവിടേക്ക്? ചങ്ങനാശ്ശേരിയിലെ ഒരു ലോട്ടറിവില്പനക്കാരനായ ഈ സാധാരണ മനുഷ്യന്റെ വീട്ടിലേക്ക് വരാന്‍ ആര്‍ക്കാണ് താല്പര്യം? ശബരിഗിരി സുരേന്ദ്രകുമാറെന്ന ഈ അമ്പത്തിയഞ്ചുകാരനെ ഇനി ആര്‍ക്കാണ് വേണ്ടത്?
ചാനലുകളിലെ റേറ്റിങ് കൂട്ടാനുള്ള എക്സ്ക്ലൂസിവ് വാര്‍ത്തകള്‍ക്കും പത്രങ്ങള്‍ക്ക് സെന്സേഷന് സ്റ്റോറികള്‍ക്ക് നിറംപിടിപ്പിക്കാനും ഈ മനുഷ്യന് അവിഭാജ്യഘടകമായിരുന്നു. പക്ഷേ, ആറുവര്‍ഷം ആറു നൂറ്റാണ്ടുപോലെ കടന്നുപോയ ഈ കുടുംബം അനുഭവിച്ച വേദനകള്‍ മലയാളിയുടെ സമൂഹ മനഃസാക്ഷിയെ തെല്ലും അലോസരപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം.
2003ലെ ‘മിസ് കോട്ടയം’ കിരീടം ശാരി എസ്. നായര്‍ എന്ന ആ നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ ശിരസ്സില്‍ ചൂടിക്കുന്നതോടെ തുടങ്ങുന്നു ഈ കൊച്ചു വീടിന്റെ ദുരന്തകഥ. മകളെപ്പോലെ സംരക്ഷിക്കാനേല്‍പിച്ചവള്‍ ഇവളെ വില്‍പനച്ചരക്കാക്കുമെന്ന് ചിന്തിക്കാനുള്ള ലോകപരിചയം ഈ അച്ഛനും അമ്മക്കും ഇല്ലാതെപോയി. അമ്മയുടെ ചേടത്തിക്കൊപ്പമായിരുന്നു കുട്ടിക്കാലമൊക്കെയും ശാരി വളര്‍ന്നത്. അമ്മിഞ്ഞ നുകര്‍ന്നില്ലെങ്കിലും അമ്മയുടെ താരാട്ടുപാട്ടും സ്നേഹവും പകര്‍ന്നുനല്‍കിയ വളര്‍ത്തമ്മതന്നെ ഈ കുട്ടിയുടെ അന്തകയായി. കണ്ണഞ്ചിപ്പിക്കുന്ന മോഹവലയങ്ങള്‍ക്കൊപ്പം തീര്‍ത്ത മരണക്കുഴിയിലേക്കാണ് സ്വന്തം മകളെയിവര്‍ നയിക്കുന്നതെന്നറിയാതെ രക്തബന്ധങ്ങളുടെ വിശ്വാസ്യതയില്‍ സ്വപ്നങ്ങള്‍ നെയ്ത് കാത്തിരുന്നു.
ടാറിട്ട വീതികുറഞ്ഞ റോഡിന്റെ അറ്റത്തെ ഇടവഴിക്കപ്പുറം ഒരു നീണ്ട താടിരൂപം കൈവീശി കാണിച്ചു. വീട്ടിലേക്കുള്ള വഴിയൊക്കെ പുല്ലുമൂടി മറഞ്ഞിരിക്കുന്നു. ആരും വരാനും പോകാനുമില്ലാത്ത നിശ്ശബ്ദമായ വഴികളിലൂടെയായി പിന്നത്തെ നടപ്പ്്. മിനിറ്റുകള്‍ക്കുള്ളില്‍ ചെറിയ വാര്‍ക്കവീടിനു മുന്നിലെത്തി. വീടിന്റെ പിന്നാമ്പുറത്തൂടെ നീണ്ടൊഴുകുന്ന റെയില്‍പാത. ഇടക്കിടെ ഇവിടത്തെ നിശ്ശബ്ദത ഭേദിക്കുന്നത് ഈ പാളങ്ങള്‍ മാത്രമാണ്. കാര്യമായിട്ടൊന്നും പുറത്തേക്കിറങ്ങാറില്ല. ലോട്ടറിവില്‍പനയായിരുന്നു ഉള്ള ജോലി. തല്ക്കാലം അതുമില്ല-തോളിലെ തോര്‍ത്തുമുണ്ടെടുത്ത് കസേരയിലെ പൊടിതട്ടി, നീട്ടിവളര്‍ത്തിയ താടിതടവി കസേര അരികിലേക്ക് അടുപ്പിച്ചിട്ട് അയാള്‍ പറഞ്ഞു.
സ്വീകരണമുറിയിലെ മേല്‍ച്ചുവരില്‍ചാരിയ ഫോട്ടോയിലെ നിഷ്കളങ്കമായ പുഞ്ചിരി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞുതുടങ്ങി: എന്റെ മകള്‍ക്കിപ്പോള്‍ 23 വയസ്സാകുമായിരുന്നു. ഇടറിയ വാക്കുകള്‍ക്കിടയില്‍ മുറിഞ്ഞ സംഭാഷണം നിര്‍ത്തി സുരേന്ദ്രന് പഴയ വാര്‍ത്താകട്ടിങ്ങുകള്‍ കാണിച്ചുതന്നു. പത്രക്കാരോട് പറഞ്ഞുപറഞ്ഞ് മടുത്തിരിക്കുന്നു. വേദനനിറഞ്ഞ മനസ്സില്‍ രോഷം ജ്വലിക്കുന്ന കണ്ണുകളോടെ തന്റെ നിസഹായത അദ്ദേഹം തുറന്നു പറഞ്ഞു. സര്‍ക്കാര്‍ഭാഷയില്‍ പറഞ്ഞാല്‍, ഇദ്ദേഹമിന്ന് പെന്‍ഷന്‍കാശ് വാങ്ങി വീട്ടിലിരുന്ന് വിശ്രമജീവിതം നയിക്കേണ്ടയാളാണ്. പക്ഷേ, അവഹേളനങ്ങളാലും കൊടിയ വഞ്ചനകളാലും ശപിക്കപ്പെട്ട ഈ അച്ഛന് ഹൃദയം വെന്തുരുകുന്ന വേദനകളുമായി നീതിക്കുവേണ്ടിയുള്ള അലച്ചിലിലാണ്.
‘കിളിരൂര്‍ പെണ്‍വാണിഭ കഥ’ നമ്മുടെ പത്രങ്ങള്‍ വെണ്ടക്ക നിരത്തി ആഘോഷിച്ചു. ചാനലുകള്‍ മത്സരിച്ച് പ്രകമ്പനംകൊള്ളിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ വലിയ വലിയ പ്രസ്താവനകള്‍. പക്ഷേ, ഒന്നും സംഭവിച്ചില്ല. പഴയ പത്രത്താളുകളിലെ അക്ഷരങ്ങള്‍ ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി. മറക്കാനാഗ്രഹിച്ച ദുര്‍ദിനങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തപ്പോള്‍ ആറുവര്‍ഷം മുമ്പിലെ വേദനനിറഞ്ഞ പകലിരവുകള്‍. കുറച്ചുനേരം ഇതൊക്കെ വായിച്ചിരിക്കൂ. ഇരുന്ന കട്ടിലിലേക്ക് കാലുനീട്ടി കിടന്നുകൊണ്ട് സുരേന്ദ്രന് പറഞ്ഞു.
എല്ലാവരും രോഗികളാണിവിടെ- പാതിയില്‍ മുറിഞ്ഞ സംഭാഷണം തുടര്‍ന്നുകൊണ്ട് ശാരിയുടെ അമ്മ പറഞ്ഞുതുടങ്ങി. പട്ടിണിയാണോ? കഞ്ഞികുടിച്ചോ? മരുന്ന് വാങ്ങിയോ? ആരും അന്വേഷിക്കാനില്ല. ആദ്യമൊക്കെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നെ, കൂടെ ഒരുപാടുപേര് സഹായിക്കാനുള്ളപോലെ തോന്നി. എന്റെ മോളെ കൊന്നവരെ ശിക്ഷിക്കാന്‍ എല്ലാവരുമുണ്ടാകുമെന്ന് കരുതി. ഇപ്പോ ഇവിടേക്ക് ആരുമില്ല. ഇടക്ക് നിങ്ങളെപ്പോലെ ഏതെങ്കിലും ചാനലുകാരോ പത്രക്കാരോ കേറിവരും. ശാരിയുടെ കൊച്ചിനെ കളിപ്പിച്ച് പഴയ ഫോട്ടോകളും വാര്‍ത്താ കട്ടിംഗുകളുമെടുത്ത് പോകും. സമരത്തിനും കേസിനുമൊക്കെ പോകാനുള്ള അറിവോ ആളുകളോ കൂടെയില്ല.
”ഒന്നു റോഡു മുറിച്ചു കടക്കുമ്പോള്‍ പോലും ചേര്‍ത്തുപിടിക്കുമായിരുന്നു ഞാനവളെ…പക്ഷേ, എന്റെ ചേച്ചി തന്നെ…” അതൊരു പൊട്ടിത്തകരലായിരുന്നു. രക്തബന്ധങ്ങള്‍ക്കുപോലും വിലയിടുന്ന കാലത്ത് മകളെപ്പോലും ചതിക്കുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ ഈ കുടുംബത്തിനായുള്ളൂ. ആശുപത്രി കിടക്കയില്‍ കിടന്ന് അവള് പറഞ്ഞ പേരുകള്‍ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടിക്കൊപ്പം വീട്ടിലേക്ക് വന്നിരുന്നവര്‍ ആസൂത്രിതമായി വീട്ടുകാരുമായി സൗഹൃദംസ്ഥാപിച്ചു. സംശയത്തിന്റെ ഒരു ലാഞ്ഛനപോലുമില്ലാതെ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റി. സീരിയലും സിനിമയുമെന്നുമുള്ള മായികലോകത്തിന്റെ കഥകളില്‍ ഈ പാവപ്പെട്ട കുടുംബവും വീണു. പിന്നെ, ചതിയില്‍നിന്ന് ചതിയിലേക്കുള്ള യാത്രകള്‍. തെരഞ്ഞെടുപ്പിന്റെ തലേനാള്‍വരെ ജനത്തിരക്കായിരുന്നു ഇവിടെ. അതിനുശേഷം ശരിക്കുപറഞ്ഞാല്‍ ഒരുകുഞ്ഞുപോലും എത്തിനോക്കിയിട്ടില്ല.
എനിക്കെല്ലാം നഷ്ടപ്പെട്ടു. കൂലിപ്പണിയായിരുന്നെങ്കിലും രണ്ടുമക്കളടങ്ങുന്ന സന്തോഷ കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളുമാണ് അവസാനിച്ചത്. ശാരിയുടെ അനിയന് അന്യ സംസ്ഥാനത്തെവിടെയോ പണിയെടുക്കുന്നു. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൊച്ചനിയനായി സമൂഹം ഒരുപാട് കാലം വേട്ടയാടി. പോകുന്നിടത്തെല്ലാം അവഹേളനങ്ങള്‍ പിന്തുടര്ന്നു. അന്നവന് എട്ടാം ക്ലാസില്‍ പഠിക്കുന്നു.കരഞ്ഞു കരഞ്ഞ് തീരാനുള്ളതാണ് അവന്റെ ജീവിതമെന്ന് ഇടക്കിടെ തോന്നിയിട്ടുണ്ട്. ചേച്ചിയുടെ ഓര്‍മകളെപ്പോഴും അവന് കരച്ചിലായിരുന്നു. ശാരിയുടെ കാര്യം തിരക്കി ആരെങ്കിലും വന്നാല്‍ അവന് കരയും. പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞു. എപ്പോഴും ശാരിയുടെ പടവുമായിരുന്ന് കരയുന്നത് കാണാമായിരുന്നു. തുറിച്ചുനോട്ടങ്ങളും അപവാദങ്ങളും താങ്ങാനവന് കഴിയില്ല.
മകനെയും ഇതിന്റെ പേരില്‍ വേട്ടയാടാതിരിക്കട്ടെ എന്ന് ഞങ്ങളും കരുതി. അവന് ബാംഗ്ലൂരിലേക്ക് ജോലിതേടി പോകുമ്പോള്‍ ഒരു കൈത്താങ്ങ് നഷ്ടപ്പെട്ടെങ്കിലും തടയാതിരുന്നത് അതുകൊണ്ടാണ്. ഞങ്ങള്‍ക്കിന്ന് കൂട്ട് ഇവളുണ്ട്- ശാരിയുടെ മകള്‍ സ്നേഹയുടെ ഫോട്ടോ കാട്ടി സുരേന്ദ്രന് പറഞ്ഞു. ഒരു വയസു മുതല്‍ സ്കൂളിലെ കലാപരിപാടികളിലെവരെ നിരവധി ഫോട്ടോകള്‍. ഈ ലോകത്തെ ചതിയും വഞ്ചനയുമറിയാതെ, നിഷ്കളങ്കമായ പുഞ്ചിരിയുമായി ആരുടെയും കണ്ണൊന്നുടക്കുന്ന ചിത്രങ്ങള്‍. കുറെ ഫോട്ടോകളുണ്ടായിരുന്നു. ഇവിടെ വരുന്ന പത്രക്കാരൊക്കെ ഞങ്ങളുടെ, സ്നേഹയുടെ ഫോട്ടോയുമായി പോകും- തെല്ലൊന്നു പരാതിയോടെ പറഞ്ഞു: ശാരിയുടെ ഫോട്ടോ മുഴുവനും അങ്ങനെ പത്രക്കാര് കൊണ്ടുപോയി തീര്‍ത്തു.
ആഗസ്റ്റ് 13നാണ് കിളിരൂരിലെ നിര്‍ധനകുടുംബത്തിലേക്ക് ഇടിത്തീപോലെ ആ യാഥാര്‍ഥ്യമെത്തിയത്. ഒരച്ഛനും മകളില്‍ നിന്നൊരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്തത്. ചിരിയുടെ മുഖംമൂടിയണിഞ്ഞ ചെകുത്താന്മാര്‍ക്കൊപ്പമായിരുന്നു തന്റെ മകളെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അന്നുമുതലുള്ള അനുഭവങ്ങള്‍ എവിടെയെഴുതിയാലും തീരില്ല- പൊടിതട്ടിയെടുത്ത വേദനകള്‍ക്ക് മുഖവുരയെന്നോണം സുരേന്ദ്രന് പറഞ്ഞു. വയറുവേദനയുമായാണ് മകളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയത്. ഒരു പത്താംക്ലാസുകാരിയുടെ സ്വാഭാവികമായ രോഗത്തിനപ്പുറത്ത് തങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കമാണ് ആശുപത്രിയിലെന്ന് ആ സാധുകുടുംബമറിഞ്ഞില്ല. സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനുശേഷം ഫലം വന്നതോടെയാണ് മകള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്.
മരണത്തിനും ജീവിതത്തിനുമിടക്കുള്ള നിമിഷങ്ങള്‍ നേരിട്ടനുഭവിച്ചു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ സമയം. ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ ചാരി മണിക്കൂറുകളോളം. ചിന്ത മുഴുവന്‍ മരണത്തെ ക്കുറിച്ചായിരുന്നു. ചേച്ചിക്ക് അരുതാത്തത് സംഭവിച്ചെന്ന കാര്യം അന്ന് വൈകിയിട്ടും ശാരിയുടെ അനിയന് അറിഞ്ഞിരുന്നില്ല. ഞാനാകെ തളര്‍ന്ന് വരാന്തയിലിരിപ്പായതോടെ, ശാരിക്ക് എന്തോ കാര്യമായ അസുഖമാണെന്നാണ് അവന് കരുതിയത്. അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശാരിയുടെ അമ്മയും ജില്ലാ ആശുപത്രിയിലെത്തി. ജില്ലാ ആശുപത്രിയുടെ ഇടനാഴിയില്‍വെച്ച് ഞാനിക്കാര്യം പറഞ്ഞപ്പോള്‍ ശാരിയുടെ അമ്മ അലറിക്കരഞ്ഞതോര്‍മയുണ്ട്. ആ നിമിഷം മുതല്‍ ഇന്നുവരെ ആ കരച്ചിലിന്റെ പ്രതിധ്വനികളാണ് ജീവിതം.