മറയൂർ: കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. വെട്ടുകാട് വാഴയിൽ ഷെൽജുവിന്റെ കൃഷിയിടത്തിലാണ് വിളവെടുത്തു തുടങ്ങിയിട്ടുള്ളത്. കാന്തല്ലൂർ, മറയൂർ മേഖലയിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികൾക്ക് ഈ കൃഷിയിടത്തിൽനിന്നും സ്ട്രോബറി പഴങ്ങൾ ഷെൽജു വിൽക്കുന്നുണുണ്ട്. ഒരുകിലോഗ്രാം പഴത്തിന് 300 രൂപയാണ് വില. കാന്തല്ലൂർ കൃഷിഭവനിൽനിന്നും ലഭിച്ച തൈകളാണ് രണ്ടുമാസം മുന്പ് ഷെൽജു നട്ടത്.
ഷെൽജുവിന്റെ പുരയിടത്തിൽ ആപ്പിൾ, ഓറഞ്ച്, മാതളം, വെളുത്തുള്ളി, ഉരുളകിഴങ്ങ്, ഗ്രീൻപീസ്, കാരറ്റ്, കാബേജ്, മല്ലി എന്നിവയുമുണ്ട്. മറയൂരിൽനിന്നും കാന്തല്ലൂരിലേക്കുള്ള വഴിയിൽ വെട്ടുകാടിലാണ് കൃഷി സ്ഥലം. കാന്തല്ലൂർ മേഖലയിലെ മറ്റു കൃഷിയിടങ്ങളിൽ സ്ട്രോബറി വിളവായി വരുന്നതേയുള്ളു.