ഗാന്ധിനഗർ: സ്ട്രച്ചറിൽനിന്ന് താഴെ വീണ രോഗിയെ തറയിൽ വീഴാതെ സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുൻവശത്തുള്ള മേൽപ്പാലത്തിലായിരുന്നു സംഭവം.
മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് മൂവാറ്റുപുഴ ഊരമല സ്വദേശി ശശി (53). സിടി സ്കാനിംഗിനു ശേഷം ശശിയെ സ്ട്രച്ചറിൽ വാർഡിലേക്കു കൂട്ടിരിപ്പുകാരൻ കൊണ്ടുപോകുന്നതിനിടെയാണ് സ്ട്രച്ചർ തകർന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരായ മോഹൻ ദാസ്, സന്തോഷ്, സജികുമാർ എന്നിവർ ഓടിയെത്തി രോഗി താഴേയ്ക്കു വീഴാതെ താങ്ങിപ്പിടിച്ചു. പിന്നീട് മറ്റൊരു സ്ട്രച്ചർ കൊണ്ടുവന്നാണ് രോഗിയെ വാർഡിലേക്ക് എത്തിച്ചത്.
കാലപ്പഴക്കം ചെന്ന സ്ട്രച്ചറാണ് വാർഡുകളിൽ ഉപയോഗിക്കുന്നതെന്നും ഇവ മാറ്റി പുതിയ സ്ട്രച്ചറുകൾ വാർഡുകളിൽ ക്രമീകരിക്കണമെന്നും രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
സ്ട്രച്ചർ ഉപയോഗിക്കുന്നതിലുള്ള പരിചയക്കുറവാണ് രോഗി വീഴാൻ കാരണമായതെന്ന് ആശുപത്രി അധികൃതരും പ്രതികരിച്ചു.