കായംകുളം : കോളജ് വനിതാ ഹോസ്റ്റലിൽ സാമൂഹിക വിരുദ്ധശല്യം തുടർക്കഥ ആയിട്ടും നടപടിയില്ല. കായംകുളം എം.എസ്.എം. കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഇപ്പോൾ സാമൂഹിക വിരുദ്ധശല്യം വർധിച്ചിരിക്കുന്നത് .
ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു. പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സി.സി.ടി.വി. ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറി. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞ് കയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു.
ഹോസ്റ്റലിൽ വാർഡന്റെയും സെക്യൂരിറ്റിയുടെയും സേവനം ലഭിക്കുന്നില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഒരു ഭാഗത്ത് മാത്രമാണ് സി.സി.ടി.വി. ക്യാമറ ഉള്ളത്. ഒരാഴ്ചക്കിടെ നാല് തവണയാണ് ഇവിടെ സാമൂഹികവിരുദ്ധ ശല്യമുണ്ടായത്. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറയുന്നത്.
ഹോസ്റ്റലിൽ ഓരോ മുറിയിലും ശൗചാലയങ്ങൾ ഇല്ല. മുറിക്ക് പുറത്തിറങ്ങിയിട്ട് വേണം ശൗചാലയങ്ങളിലേക്ക് പോകാൻ. ഓരോ രാത്രിയിലും പേടിച്ചാണ് കഴിയുന്നതെന്നും കുട്ടികൾ പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും കോളജ് മാനേജരുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് വേണ്ടത്ര ഗൗരവം വിഷയത്തിൽ എടുക്കുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്.