ലോക്ക്ഡൗണിനെത്തുടര്‍ന്ന് പലയിടത്തും ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ കരുളായിയിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്.
കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില്‍ ശനിയാഴ്ച അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞു.
വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില്‍ കാണപ്പെട്ടു.
കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതന്റെ ശല്യമുണ്ട്.
കഴിഞ്ഞദിവസം നരിപൊയിലില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കു നേരെയാണ് അജ്ഞാതന്റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.