ശ്രീകണ്ഠപുരം: അഞ്ചാംക്ലാസ് വിദ്യാർഥിയെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറി. മടമ്പം മേരിലാൻഡ് ഹൈസ്കൂൾ വിദ്യാർഥി കോട്ടൂർ വയലിലെ ജോസഫിന്റെ മകൻ ജയിനാണ് (ഒന്പത്) തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ എട്ടോടെ വീടിനോടു ചേർന്നുള്ള കോട്ടൂർവയൽ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ കുർബാന കഴിഞ്ഞ് സ്കൂളിലേക്കു പോകുന്പോഴായിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ നാട്ടുകാർ വിദ്യാർഥിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരക്കെട്ടിനു താഴെയും ഇരുകാലുകളിലും തുടകളിലും നായകൾ കടിച്ചുകീറിയിട്ടുണ്ട്. ആറു നായകളാണ് ജയിനിനെ വളഞ്ഞിട്ട് ആക്രമിച്ചത്. വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ഈ സംഭവത്തിനുപിന്നാലെ ഇന്നലെ വൈകുന്നേരം മറ്റൊരു വിദ്യാർഥിനിയേയും തെരുവുനായആക്രമിച്ചു പരിക്കേൽപ്പിച്ചു. മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ നാലം ക്ലാസ് വിദ്യാർഥി ശ്രീകണ്ഠപുരം സി.എച്ച്. നഗറിലെ വയൽപാത്ത് ഹൗസിൽ എ.സി. നസീറിന്റെ മകൾ ഫാത്തിമത്തുൽ നസ്വ (ഒന്പത്)യ്ക്കാണ് കടിയേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്ന വഴി വീടിനു സമീപത്തുനിന്നാണ് തെരുവ് നായ കുട്ടിയെ കടിച്ചത്. പരിക്കേറ്റ ഫാത്തിമത്തുൽ നസ്വയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോട്ടൂർവയൽ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായിട്ടും നഗരസഭാധികൃതർ നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. കുറച്ചുനാളുകളായി നായശല്യം രൂക്ഷമാണ്. കോഴികളെയും മറ്റും നായകൾ കടിച്ചുകൊന്നിട്ടുണ്ട്.