തിരുവനന്തപുരം: ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി. പേരേര(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച യുവതിയുടെ മരണകാരണം വെള്ളിയാഴ്ച രാത്രിയാണ് വ്യക്തമായത്.
കഴിഞ്ഞ ഏഴിന് സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി മെഡിക്കല്‍ കോളജില്‍ എത്തിയ യുവതി ഒമ്പതിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഇതോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ഇവര്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല.
കാട്ടുപൂച്ചയിൽനിന്ന് പേവിഷബാധയേറ്റ ടാപ്പിംഗ് തൊഴിലാളിയുടെ മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22 ന് ആണ് മുഹമ്മദ് റാഫിക്ക് കാട്ടുപൂച്ചയുടെ കടിയേറ്റത്.