ലോകത്തില്‍ ഏറ്റവുമധികം നന്ദിയുള്ള ജീവിവര്ഗമേതെന്നു ചോദിച്ചാല്‍ അതിനുത്തരം നായ എന്നായിരിക്കും. മനുഷ്യന് പോലും ഇക്കാര്യത്തില്‍ ഇവര്‍ക്കു പിന്നില്‍ നില്ക്കും. അന്നം തന്നെ യുവതിയെ മാനഭംഗത്തില്‍ നിന്നു രക്ഷിച്ച തെരുവുനായയുടെ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.ഭോപ്പാലിലാണ് സംഭവം. 29 കാരിയായ യുവതി അക്രമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവതിയെ മാനഭംഗശ്രമത്തില്‍ നിന്നു രക്ഷിച്ച തെരുവുനായ വാര്‍ത്തകളില്‍ നിറഞ്ഞത്.
ഭോപ്പാലിലെ ചോല എന്ന സ്ഥലത്തു താമസിക്കുന്ന യുവതി ദിവസവും തെരുവു നായയ്ക്ക് ആഹാരം നല്‍കുമായിരുന്നു. അങ്ങനെയൊരു ദിവസം ആഹാരം കഴിച്ച് യുവതിയുടെ വീടിനരികില്‍ വിശ്രമിക്കുകയായിരുന്നു തെരുവുനായ. അപ്പോഴാണ് യുവതിയുടെ അയല്‍വാസിയായ സുനില്‍ എന്ന യുവാവ് മദ്യപിച്ചു ലക്കുകെട്ട് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ഇതുകണ്ട തെരുവുനായ ഉടന്‍ തന്നെ വീടിനുള്ളില്‍ പ്രവേശിച്ചു.
തനിക്കു നേരെ പാഞ്ഞടുത്ത നായയെ കൈയിലിരുന്ന ആയുധം ഉപയോഗിച്ച് സുനില്‍ മുറിവേല്‍പ്പിച്ചു. എന്നിട്ടും പിന്മാറാതെ നായ ഉച്ചത്തില്‍ കുരച്ചും മുരണ്ടും സുനിലിനെ ഭയപ്പെടുത്തി ഓടിച്ചു. സുനിലിന്റെ ആക്രമണത്തില്‍ നായയുടെ മുന്‍കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. യുവതി നല്കിയ പരാതിയുടെ അടിസഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് തെരുവുനായയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും അതിനു വേണ്ട ചികില്‍സ നല്‍കുകയും ചെയ്തു. ഷേരു എന്നാണ് തെരുവുനായയുടെ പേരെന്നും അവന് മിടുക്കനാണെന്നും അന്വേഷണത്തിനു നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുനില്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.