ലോക്കല് ട്രെയിനുകള് മുംബൈ നിവാസികള്ക്ക് ഒരു അനുഗ്രഹമാണ്. ദൈനംദിനം സുഗമമായി യാത്ര ചെയ്യാന് ലക്ഷക്കണക്കിനാളുകളാണ് ലോക്കല് ട്രെയിനുകളെ ആശ്രയിക്കുന്നത്.
എന്നാല് മനുഷ്യര് മാത്രമല്ല മുംബൈയിലെ മൃഗങ്ങള്ക്കും ഇവിടുത്തെ ലോക്കല് ട്രെയിനുകള് ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്.
പതിവായി ലോക്കല് ട്രെയിനില് കയറുന്ന ഒരു നായയാണ് കഥയിലെ താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരന് ഇപ്പോള് യാത്രക്കാര്ക്ക് തങ്ങളില് ഒരാളാണ്.
ഇന്ത്യന് കള്ച്ചറല് ഹബ് എന്ന ഇന്സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനില് തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം.
ബൊറിവാലി എന്ന സ്റ്റേഷനില് നിന്നാണ് പതിവായി നായ ട്രെയിനില് കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും.
ഇടയ്ക്കിടെ ഓരോ സ്റ്റേഷനില് എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ചുമെല്ലാമാണ് ട്രെയിനില് നായ സമയം ചെലവിടുന്നത്.
സാധാരണഗതിയില് ട്രെയിനിന്റെ വാതിലിനരികില് ഒരു നായ നിന്നാല് കയറാനെത്തുന്നവര് ഒന്ന് ഭയപ്പെടും.
എന്നാല് ഈ റൂട്ടിലെ സ്ഥിരം യാത്രക്കാര്ക്ക് ഇപ്പോള് നായയെ ഭയമേയില്ല. പുതിയ യാത്രക്കാരാവട്ടെ ആദ്യം നായയെ കണ്ട് ഒന്ന് ഭയക്കുമെങ്കിലും അത് ഉപദ്രവകാരിയല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കി പലപ്പോഴും ചിരിച്ചുകൊണ്ടാണ് അകത്തേക്ക് കയറുന്നത്.
മനുഷ്യരെ ഭയപ്പെടുത്താനോ ആക്രമിക്കാനോ നായ മുതിരാറുമില്ല. അന്ധേരിയിലേക്കാണ് നായയുടെ ഈ സഞ്ചാരം. പതിവായി ഇവിടെയാണ് നായ ഇറങ്ങുന്നതും.
പകല്സമയം മുഴുവന് നായ അന്ധേരിയില് തന്നെ കറങ്ങും. എന്നാല് ഇരുട്ട് വീണു കഴിഞ്ഞാല് അടുത്ത ട്രെയിന് പിടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.
അതായത് വീടിനു സമീപത്തുള്ള റെയില്വേ സ്റ്റേഷനില് നിന്ന് പതിവായി ജോലിക്ക് പോകുന്ന മനുഷ്യരെ പോലെ തന്നെയാണ് നായയുടെ രീതികള്.
മുംബൈ ട്രെയിനിലെ പതിവു യാത്രക്കാരനെ പരിചയപ്പെടാം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പുറത്തുവന്നിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
നായകളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകള് ഈ വിഡിയോ മനസ്സുനിറയ്ക്കുന്നതായി പ്രതികരിക്കുന്നുണ്ട്. ട്രെയിനിന്റെ സമയം കൃത്യമായി അറിയാന് ആഗ്രഹമുണ്ടെന്നും അതറിഞ്ഞാല് നായയെ കാണാന് തീര്ച്ചയായും എത്തുമെന്നും ഒരാള് കുറിക്കുന്നു.
മനുഷ്യര്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയില് സ്വന്തം കാര്യം നോക്കി കഴിയുന്ന നായയോട് അങ്ങേയറ്റം സ്നേഹം തോന്നുന്നു എന്നാണ് മറ്റൊരു കുറിപ്പ്.
അതേസമയം ഇത് മൃഗങ്ങളുടെ കൂടി ലോകമാണെന്നും മനുഷ്യര്ക്കാണ് ഇവിടെ ആധിപത്യം എന്ന ചിന്തകൊണ്ടാണ് ഇതൊരു അദ്ഭുതമായി തോന്നുന്നതെന്നും പ്രതികരിക്കുന്നവരുമുണ്ട്.
എന്നാല് അന്ധേരിയിലേക്കെത്താന് വേഗമുള്ള മറ്റേതെങ്കിലും ഒരു ട്രെയിനിനെക്കുറിച്ച് നായയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കില് എന്ന തരത്തില് രസകരമായ കമന്റുകളും കുറവല്ല.