ഞങ്ങള്‍ ഇവിടെയുണ്ട്;13 വര്‍ഷം മുമ്പ് അഫ്‌സ്പയെക്കെതിരേ നഗ്നസമരം നടത്തിയ 12 സ്ത്രീകളില്‍ 11 പേര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒത്തുചേര്‍ന്നു

raop600ഇംഫാല്‍: അതുവരെ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ എല്ലാ സമരരീതികളെയും തകര്‍ത്തു കളയുന്നതായിരുന്നു ആ 12 മണിപ്പൂരി സ്ത്രീകള്‍ 13 വര്‍ഷം മുമ്പ് നടത്തിയ നഗ്നസമരം. മണിപ്പൂരില്‍ സൈന്യത്തിന് നല്‍കുന്ന പ്രത്യേകാധികാരമായ അഫ്‌സ്പായെക്കെതിരേ ‘ ഇന്ത്യന്‍ സൈന്യമേ ഞങ്ങളെയും ബലാല്‍സംഗം ചെയ്യൂ’ എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു ഇവരുടെ സമരം. 13 വര്‍ഷങ്ങള്‍ക്കിപ്പുറം മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അവര്‍ ഒത്തുചേര്‍ന്നു. അന്നത്തെ 12പേരില്‍ ഒരാള്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയി. ഈ 12 സ്ത്രീകളില്‍ ഏറ്റവും പ്രായംകൂടിയ സ്ത്രീ എത്തിയത് അവരുടെ മകള്‍ക്കൊപ്പമാണ്. ആരുടെയും സഹായമില്ലാതെ അവര്‍ക്ക് നടക്കാന്‍ പറ്റില്ല. പലരുടെയും കാഴ്ചയും മങ്ങിത്തുടങ്ങിയിട്ടുണ്ട്.

2004ല്‍ മുപ്പത്തിരണ്ടുകാരിയായ മനോരമാദേവിയെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതോടെയാണ് ഇന്ത്യന്‍ ആര്‍മി ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന മുദ്രാവാക്യവുമായി നഗ്‌നരായി ഇവര്‍ തെരുവിലിറങ്ങിയത്. അസം റൈഫിള്‍സ് പട്ടാളക്കാര്‍ മനോരമയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മനോരമാദേവിയുടെ ബുള്ളറ്റ് കൊണ്ട് തകര്‍ന്ന, അംഗഭംഗപ്പെടുത്തിയ ശരീരം റോഡില്‍ കാണപ്പെട്ടു.

മനോരമയുടെ മരണം തന്നില്‍ കടുത്ത അമര്‍ഷം ജനിപ്പിച്ചെന്നും താനും ബലാല്‍സംഗം ചെയ്യപ്പെട്ടതായി തോന്നിയെന്നും സൊയ്ബം മോമോന്‍ ലെയ്മ പറഞ്ഞു. പല സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന, ദരിദ്രകുടുംബങ്ങളില്‍ നിന്നുളള, ജീവിക്കാന്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളാണ് ഒന്നിച്ചിറങ്ങിയത്.

mmmm

അതില്‍ 45കാരി മുതല്‍ 73കാരിവരെയുണ്ടായിരുന്നു.നഗ്‌നസമരത്തെപ്പറ്റിയുള്ള ആലോചനായോഗം നടന്നത് ജൂലൈ 12ന് മണിപ്പൂര്‍ വിമെന്‍സ് സോഷ്യല്‍ റീഫോര്‍മേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സമാജില്‍ വെച്ചായിരുന്നു. അന്നത് വളരെ വൈകാരികവും തീവ്രവും ആയിരുന്നു.അന്ന് 73 വയസ്സുണ്ടായിരുന്ന തോക്‌ചോം രമണി പറയുന്നു. ഒടുവില്‍ സം റൈഫിള്‍സ് ആസ്ഥാനമായ കാങ്ക്‌ല ഫോര്‍ട്ടിനു മുന്നില്‍ ചെന്ന് ഉടുപ്പുരിഞ്ഞുകളഞ്ഞ് പ്രതിഷേധിക്കാമെന്ന് തീരുമാനത്തിലേക്കെത്തി.”സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കാര്യം ഞാന്‍ ഭര്‍ത്താവിനോടോ കുട്ടികളോടോ പറഞ്ഞില്ല. സമരത്തിനുശേഷം ഞാന്‍ ജീവിക്കുമോ എന്നുപോലും അറിയില്ലായിരുന്നു. അന്നുപുലര്‍ച്ചെ വീടുവിടുമ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ അനുഗ്രഹം വാങ്ങി”ലെയ്ഷ്രം ഗ്യാനേശ്വരി പറഞ്ഞു.

ലൊറെംബാം ങാംബി 30 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്നും ഒരു ദിവസം മുമ്പെ നഗരത്തിലെത്തി. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍ ബസ്സുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ടാക്‌സിപിടിച്ചായിരുന്നു ഗ്യാനേശ്വരി ഇംഫാലിലെത്തിയത്. മറ്റൊരു സമരക്കാരിയായ ഹാവോബം ഇബെതോംബിയുടെ വീട്ടിലേക്കിയത് കിലോമീറ്ററുകള്‍ നടന്നാണ്.

കാങ്ക്‌ലയിലേക്കുള്ള ബസ്സിലിരുന്ന് തങ്ങള്‍ കരഞ്ഞെന്നും പരമ്പരാഗത സമൂഹമായ മണിപ്പൂരി ജനതയ്ക്ക് അന്നേ് വരെ നഗ്‌നത ശീലമില്ലായിരുന്നുവെന്നും“ഗ്യാനേശ്വരി പറയുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഉടുപ്പൂരിയതും സമരം തുടങ്ങി മാര്‍ച്ച് ചെയ്തതും. ലോറെംബാം ആണ് മുദ്രാവാക്യം വിളിച്ചത്, ഇംഗ്ലീഷില്‍. “ലോകത്തിനറിയുന്ന ഭാഷയില്‍ അവരെ നാണംകെടുത്താന്‍ വേണ്ടിയായിരുന്നു അത്.” ലോറെംബാം ഓര്‍ക്കുന്നു. “പട്ടാളക്കാര്‍ തോക്കുചൂണ്ടി. ചുറ്റിലും കൂടിയവര്‍, പൊലീസുകാരടക്കം കരയാന്‍ തുടങ്ങി. ഞങ്ങള്‍ വെടിവെക്കാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ തോക്കു താഴ്ത്തി.” ലോറെംബാം ഓര്‍ക്കുന്നു.

45 മിനിറ്റ് നീണ്ട സമരം ഈ സ്ത്രീകളുടെയും മണിപ്പൂരിന്റെയും കഥ തന്നെ മാറ്റിയെഴുതി.ഇതില്‍ ഒമ്പതുപേരെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന കേസില്‍ മൂന്നു മാസത്തോളം തടവിലിട്ടു. മണിപ്പൂര്‍ പ്രശ്‌നം പൊതുസമൂഹം അറിയണമെന്ന അവരുടെ ലക്ഷ്യം ഫലം കണ്ടു. 1949ല്‍ ആരംഭിച്ച അസം റൈഫിള്‍സിന്റെ ആധിപത്യം അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കൊണ്ട് അവസാനിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇറോം ഷര്‍മ്മിളയുടെ നിരാഹാരസമരത്തോടൊപ്പം അമ്മമാരുടെ നഗ്‌നസമരവും ലോകചരിത്രത്തില്‍ ഇടംനേടി. അഫ്‌സ്പ പിന്‍വലിക്കാമെന്ന് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനം നല്‍കുന്നു. എന്നാല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് ഇന്നും പഴയപടിയാണ്. ഈ പ്രായത്തിലും പൊരുതാനുറച്ചു തന്നെയാണ് ഇവര്‍ മുമ്പോട്ടു പോകുന്നത്.

Related posts