പോത്തൻകോട്: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിയ്ക്ക് ഭർതൃവീട്ടിൽ മർദനമേറ്റതായി പരാതി. മെഡിക്കൽ കോളജ് സ്വദേശിയായ യുവതിയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.
യുവതിയുടെ ഭർത്താവ് ഞാണ്ടൂർക്കോണം പെരുംമ്പാലം വിളയിൽ വിളാകത്ത് വീട്ടിൽ എ.എസ്. രതീഷ് (30) രതീഷിന്റെ സഹോദരി ഭർത്താവ് ബിമൽകുമാർ (38) എന്നിവർക്കും ഭർത്താവിന്റെ മാതാവിനും സഹോദരിക്കുമെതിരെയാണ് പരാതി. രതീഷും രതീഷിന്റെ സഹോദരി ഭർത്താവായ ബിമൽകുമാറും അകാരണമായി യുവതിയെ മർദിക്കുകയായിരുന്നു.
ഇതു കണ്ട നാട്ടുകാർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതനുസരിച്ച് മാതാവും മുത്തശ്ശനും രതീഷിന്റെ വീട്ടിൽ എത്തിയപ്പോൾ ഇവരുടെ മുന്നിൽ വച്ച് യുവതിയെ ബിമൽകുമാർ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് മുഖത്ത് അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത യുവതിയുടെ അമ്മയേയും മുത്തശ്ശനെയും മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
2015 ലാണ് രതീഷും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോൾ ഇവർക്ക് ഒരുവയസുള്ള കുഞ്ഞുമുണ്ട്. ഇതിനിടയിൽ തന്നെ നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് നിരവധി മർദനവും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.