ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 36 കോടി പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്ക്. സ്വന്തമായി ഒരു കൂരയില്ലാതെ തെരുവില്‍ യാചകവൃത്തി ചെയ്യുന്ന അനേകായിരം പേര് രാജ്യത്തുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ഒതുക്കപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒട്ടനവധി ഉണ്ടെങ്കിലും എല്ലാം വാക്കുകള്‍ മാത്രം. ഇക്കാരണങ്ങളാലൊക്കെ ട്രാഫിക്ക് സിഗ്നലുകളില്‍ കുട്ടികള്‍ യാചകവൃത്തി ചെയ്യുന്നത് പതിവുകാഴ്ച്ചയാണ്. ‘സ്കൂളില്‍ പോയി പഠിക്കൂ’ എന്ന് പറഞ്ഞ് ആ കുരുന്നുകളെ ആട്ടിപായിച്ചവരും നമുക്കിടയില്‍ ഉണ്ടാകും. പക്ഷെ അവര്‍ എങ്ങനെ സ്കൂളില്‍ പോകും എന്ന കാര്യം ചിന്തിച്ചവര്‍ വളരെ വിരളമായിരിക്കും.
അവിടെയാണ് മുംബൈയില്‍ നിന്നുള്ള പതിനാറുകാരന് വ്യത്യസ്തനാകുന്നത്. വളര്‍ന്നു വലുതായാല്‍ അവന് ഒരു അധ്യാപകനാവണം. എന്നിട്ട് തെരുവിലെ ഓരോ കുരുന്നുകള്‍ക്കും അറിവ് പകരണം. അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കണം, യാചകരായി ഒരൊറ്റ കുരുന്നിനെയും തെരുവില്‍ കാണരുത്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള അവന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയും നെഞ്ചേറ്റുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് ആ കൗമാരക്കാരനെ ഓണ്‍ലൈന്‍ യൂസര്‍മാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയത്. പേരറിയില്ലെങ്കിലും തീയില്‍ കുരുത്ത അവന്റെ വാക്കുകള്‍ ആളുകളുടെ മനസിനെ അത്രമേല്‍ സ്പര്‍ശിച്ചു. എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞ് ഉളള ഭക്ഷണം ഞങ്ങള്‍ മക്കള്‍ക്ക് നല്‍കിയിട്ട് അമ്മ അത് നോക്കിയിരിക്കും. വിശപ്പില്ലാഞ്ഞിട്ടായിരുന്നില്ല അത്.
എന്തെങ്കിലും വെള്ളം കുടിച്ചാണ് അമ്മ കിടക്കാറ്. ഇത് മനസിലായി തുടങ്ങിയപ്പോഴാണ് ഞാന്‍ ട്രാഫിക്ക് സിഗ്നലുകളില്‍ പുസ്തകങ്ങള്‍ വില്ക്കാന് പോയി തുടങ്ങിയത്. എന്നാല്‍ പിന്നീട് മനസിലായി ഇതുകൊണ്ടൊന്നും ജീവിക്കാന്‍ സാധിക്കില്ലെന്ന്. അങ്ങനെയാണ് സ്കൂളില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചത്. എട്ടു മണിക്കൂര്‍ പുസ്തകങ്ങല്‍ വിറ്റു നടന്നു. പിന്നീട് നാല് മണിക്കൂര്‍ സ്കൂളില്‍ പോയി. ഇത്രയും നാള് പുസ്കവുമായി നടന്നിട്ടും ഒന്നും വായിക്കാന്‍ അറിയാതിരുന്നത് വളരെ മോശമായി തോന്നി. ഇപ്പോള്‍ വില്‍ക്കുന്ന പുസ്തകങ്ങളുടെ നല്ലൊരു ഭാഗം വായിക്കാന്‍ ശ്രമിക്കാറുണ്ട്. വാക്കുകളും അക്ഷരങ്ങളും കൂട്ടിവായിക്കുന്നതിന്റെ സുഖം ഇപ്പോഴാണ് മനസിലായി തുടങ്ങിയത്. ഇത്തരത്തില്‍ വിദ്യാഭ്യാസം വേണ്ടെന്ന് വച്ച് പലവഴികളിലേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ കണ്ടെത്തി അവരെ വിദ്യാഭ്യാസത്തിന്റെ മനോഹരലോകത്തേയേക്ക് കൈപിടിച്ചു കയറ്റുക എന്ന ലക്ഷ്യമാണ് ഇനി തനിക്കുള്ളത്. പതിനാറുകാരന് തന്റെ ജീവിത ലക്ഷ്യം വ്യക്തമാക്കുന്നു.