ഒറ്റപ്പാലം: തെരുവു നായ്ക്കളെ കൊണ്ട് തോറ്റിരിക്കുകയാണ് ഒറ്റപ്പാലത്തുള്ളവരും നഗരത്തിലെത്തുന്നവരും. നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഓരോ ദിവസം കൂടുന്തോറും നഗരത്തിൽ രൂക്ഷമാവുകയാണ് തെരുവുനായ ശല്യം.
ഇന്നലെ യുവതിയടക്കം മൂന്ന് പേർക്ക് തെരുവു നായകളുടെ കടിയേറ്റു. കണ്ണിയം പുറത്ത് ജംഗ്ഷനിൽ വെച്ചാണ് യുവതിക്കും ഒരു ചുമട്ടുതൊഴിലാളിക്കും കടിയേറ്റത്.
വഴിയാത്രക്കാരനായ മറ്റൊരാൾക്കും കടിയേറ്റു. കഴിഞ്ഞദിവസം കണ്ണിയന്പുറത്ത് മധ്യവയസ്കയ്ക്ക് നായയുടെ കടിയേറ്റിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കണ്ണിയംപുറം ആയുർവേദ ആശുപത്രി ജീവനക്കാരന് കടിയേറ്റത്. ജൂണ് മാസത്തിൽ ഒറ്റപ്പാലത്തും പരിസരപ്രദേശത്തുമായി 15ലേറെ പേർക്കും തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.
ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്.റോഡ്, അന്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അന്പലപ്പാറ സെന്റർ, ആശുപത്രിപ്പടി, കടന്പൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്നത്.
റോഡരികുകളിൽ തള്ളുന്ന മാലിന്യം തിന്ന് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കൾ കോവിഡ് അടച്ചുപൂട്ടലിൽ ഇത് കിട്ടാതായതോടെയാണ് കൂടുതൽ അക്രമാസക്തമായതെന്നാണ് കരുതുന്നത്.
തെരുവുനായശല്യത്തിനെതിരേ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ തെരുവുനായ ജനനനിയന്ത്രണ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവുമൂലം നടപടികൾ കാര്യക്ഷമമല്ല.
കഴിഞ്ഞ ഏഴുമാസത്തിനിടെ ആകെ വന്ധ്യകരിക്കാനായത് 540 നായ്ക്കളെയാണ്.മാസത്തിൽ 200 ഓളം വന്ധ്യകരണം നടക്കേണ്ട സ്ഥാനത്താണിത്. രണ്ട് ഡോക്ടർമാർ വേണ്ടസ്ഥാനത്ത് ഒറ്റപ്പാലത്ത് ഒരു മൃഗ ഡോക്ടറുടെ സേവനമാണുള്ളത്.
തെരുവുനായ്ക്കളെ ഭയന്ന് വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഇവയെ പിടികൂടി നശിപ്പിക്കാതെ രക്ഷയില്ലന്നാണ് ജനങ്ങൾ പറയുന്നത്.