കൊല്ലം: കാറിടിച്ച് തെരുവുനായ് ചത്തു. ഡ്രൈവർക്കെതിരെ ദൃക്സാക്ഷി പോലീസിൽ പരാതി നൽകി. തുടർന്ന് മേനകഗാന്ധിയുടെ ഓഫീസ് ഇടപെട്ടതോടെ പോലീസിനും തലവേദനയായി. അവർ കേസെടുത്ത് ഡ്രൈവറെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. കാർ ഓടിച്ചിരുന്ന പാരിപ്പള്ളി സ്വദേശിയായ സുശീലനാണ് അറസ്റ്റിലായത്.
പരവൂർ സ്വദേശി വിവേക് വർണൻ നൽകിയ പരാതിയെതുടർന്നാണ് പ്രശ്നം ഗൗരവമായത്. കഴിഞ്ഞദിവസം രാവിലെ വിവേകിന്റെ വീടിന് മുന്നിൽവച്ചാണ് തെരുവുനായയെ കാറിടിച്ചത്. നിർത്താതെ പോയ കാർ വിവേക് പിൻതുടർന്ന് റോഡിൽ തടയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റം നടത്തുകയും വിവേക് പരവൂർ പോലീസിൽ പരാതിനൽകുകയും ചെയ്തു.
തുടർന്ന് പേഴ്സണൽ അന്റ് പബ്ലിക് ഗ്രീവൻസ് മന്ത്രാലയത്തിലേക്ക് അടിയന്തര സന്ദേശമയച്ചു. ഉടൻ കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ ഓഫീസും ഇടപെട്ട് പരവൂർ പോലീസിൽ ബന്ധപ്പെട്ടതോടെയാണ് പോലീസ് കർശന നിലപാടെടുത്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് നായയുടെ ജഡം പോസ്റ്റുമോർട്ടം നടത്തിപ്പിച്ച് നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനും കേസെടുത്തു. സുശീലനെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.