അന്പലപ്പുഴ: ആലപ്പുഴ നഗരത്തിൽ കഴിഞ്ഞ ദിവസം 38 പേർക്കു കടിയേറ്റതിനു പിന്നാലെ അന്പലപ്പുഴയിലും തെരുവ് നായ്ക്കളുടെ വിളയാട്ടം. വിദ്യാർഥികളടക്കം ആറ് പേർക്ക് കടിയേറ്റു. അന്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം പുറക്കാട് ഗ്രാമപഞ്ചായത്തിലെ കരൂർ എന്നിവിടങ്ങളിലാണ് ആളുകൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
കരൂർ പുത്തൻപറന്പിൽ ഷിബുവിന്റെ മകൾ ശ്രുതിമോൾ (18), അന്പലപ്പുഴ കോമന പുതുവൽ മനു (17) നീർക്കുന്നം കന്പിയിൽ ബാബുവിന്റെ മകൾ അനഘ (19) കൊപ്പാറക്കടവ് തയ്യിൽ ചിറ പൊന്നപ്പൻ (68) എന്നിവർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ രാവിലെയാണ് കരുരും നീർക്കുന്നത്തും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.