ചവറ: ചവറ തെക്കുംഭാഗത്ത് തെരുവ് നായ അക്രമത്തിൽ പത്തോളം പേർക്ക് കടിയേറ്റു. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഓടിനടന്ന് അക്രമിച്ച നായയെ ഒടുവിൽ കടിയേറ്റയാൾ ഞെരിച്ചു കൊന്നു. ഇന്നലെയാണ് നാടിനെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്.
തെക്കുംഭാഗം ഉദയാദിത്യപുരം ക്ഷേത്രം മുതൽ കാടൻ മൂലവരെയുള്ള പ്രദേശത്താണ് നായയുടെ അക്രമം അരങ്ങേറിയത്. വീട്ടുപുരയിടത്തിൽ നിന്നവരും, വിവിധ ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയവർക്കുമാണ് കടിയേറ്റത്.
ഷാനി ഭവനത്തിൽ ഹർഷകുമാർ, ഭാര്യ വത്സല, പുത്തൻ വയലിൽ രഘു, ശ്രീകണ്ഠ വിലാസം ധന്യ, പുതുവൽ വീട്ടിൽ പ്രസന്ന, കൊച്ചുപുരയിൽ അനന്തകൃഷ്ണൻ, ദേവമംഗലം രാധാകൃഷ്ണക്കുറുപ്പ്, കുളങ്ങര കിഴക്കതിൽ രാധ എന്നിവർക്കാണ് കടിയേറ്റത്.
മൂന്ന് കിലോമീറ്റർ ദൂരത്തോളം ഓടി നടന്നു അക്രമാസക്തമായ നായ കായൽവാരത്ത് നിന്ന ഒരാളെ കടിച്ചതോടെ ഇയാൾ നായയെ ഞെരിച്ചു കൊല്ലുകയായിരുന്നു.
പരിക്കേറ്റവർ തെക്കുംഭാഗത്തെ സ്വകാര്യ ആശുപത്രിയിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.