കോഴിക്കോട്: തെരുവുനായ്കളെ പേടിക്കാതെ എന്നാണ് ഞങ്ങൾക്ക് ജോലിക്ക് വരാൻ സാധിക്കുക? തെരുവുനായകളുടെ കടിയേൽക്കാതെ ജോലിക്ക് ഹാജരാകാൻ വേണ്ടി മേയർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ചോദിക്കുന്നത് ആനിഹാൾ റോഡിന് സമീപത്തെ ബിഎസ്എൻഎൽ ഓഫീസ് ജീവനക്കാരാണ്. ആനിഹാൾ റോഡിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ വലിയ ഭീഷണിയാണ് നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎൽ ഓഫീസിലെ രണ്ടു ജീവനക്കാർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ബിഎസ്എൻഎൽ ജീവനക്കാർ മേയർക്ക് പരാതി നൽകാൻ തീരുമാനിച്ചത്. തെരുവുനായ ശല്യത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർക്ക് ജീവനക്കാർ ഹർജി നൽകിയത്.
വയനാട് കോഴിക്കോട് ജില്ലകളിലെ ടെലികോം റവന്യൂ സംബന്ധമായ പ്രശ്നപരിഹാരത്തിന് നിരവധി പേർ എത്തുന്ന ഓഫീസാണ് ആനിഹാൾ റോഡിലെ ബിഎസ്എൻഎൽ ഓഫീസ്. കൂടാതെ കസ്റ്റമർകെയർ സർവീസും ടെലിഫോൺ എക്സ്ചേഞ്ചും ഇവിടെ പ്രവർത്തിക്കുന്നതിനാൽ ദിവസവും നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.
ഓഫീസിലെത്തുന്ന ഉപഭോക്താക്കൾക്കും ജോലിക്കെത്തുന്ന ജീവനക്കാർക്കും സുരക്ഷ ഒരുക്കാൻ കോർപറേഷൻ മുകൈയെടുക്കണമെന്നും ഹർജിയിൽ പറയുന്നു. പ്രദേശത്ത് രണ്ട് വനിതാ ഹോസ്റ്റലും ഒരു സ്കൂളും ആശുപത്രിയുമുള്ളത് ഗൗരവമായി കാണണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആനിഹാൾ റോഡിന് സമീപം മാലിന്യം തള്ളുന്നതിനാലാണ് പ്രദേശത്ത് തെരുവുനായകൾ വർധിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.