പോത്തൻകോട്: കോലിയക്കോട്ട് തെരുവുനായക്കൾ മൂന്ന് ആടുകളെ കടിച്ചു കൊന്നു. കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം കടയിൽ വീട്ടിൽ ആർ. ജയന്റെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ജയന്റെ വീടിനു പുറകുവശത്തുള്ള തൊഴുത്തിലാണ് ആടുകളെ കെട്ടിയിട്ടിരുന്നത്.
പുലർച്ചെ ആടിന്റെ കരച്ചിൽ കേട്ടാണ് ജയനും സമീപവാസികളും ഉണർന്നത്. വീടിനു പുറകുവശത്തെത്തി നോക്കുമ്പോഴേക്കും തെരുവുനായ്ക്കൾ ആടിനെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതാണ് കണ്ടത്.തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മറ്റു രണ്ടു ആടുകളെ വീടിനു സമീപത്തെ പറമ്പിൽ നിന്നും ചത്തനിലയിൽ കണ്ടെത്തി. ആടുകളുടെ കാലിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ പാടുണ്ട്.
മുപ്പത്തിഅയ്യായിരം രൂപ വിലമതിക്കുന്ന രണ്ട് വർഷം പ്രായമുള്ള ഗർഭിണിയായ ആടും ഒൻപത് മാസമായ രണ്ടു ആടുകളെയുമാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ജയന്റെ ഉപജീവന മാർഗമാണ് ഇതോടെ നഷ്ടപ്പെട്ടത്. തെരുനായ്ക്കളുടെ ആക്രമണത്തിൽ പരിഭ്രാന്തരാണ് നാട്ടുകാർ. മാണിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെത്തി ആടുകളെ പരിശോധിച്ചു.
കോലിയക്കോട്ടും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചു വരുന്നതായും ഇവയ്ക്കെതിരെ മാണിക്കൽ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.