കൊച്ചി: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം മൂലമ്പിളളി ഒളിപ്പറമ്പില്‍ വീട്ടില്‍ സില്‍ട്ടൺ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് കണ്ടെയ്നര്‍ റോഡില്‍ കോതാട് നിഹാര റിസോര്‍ട്ടിനു സമീപമായിരുന്നു അപകടം.
ഫിറ്ററായി ജോലി ചെയ്യുന്ന സില്‍ട്ടണ്‍ മൂലമ്പിള്ളിയിലെ വീട്ടില്‍നിന്ന് കളമശേരിയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു.
തെരുവുനായ വരുന്നതു കണ്ട് ബൈക്കിന്റെ വേഗത കുറച്ചെങ്കിലും നായ ച്രക്രത്തിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് തെറിച്ചു പോയി.
ലോറി കയറി യുവാവ് തല്‍ക്ഷണം മരിച്ചു. വരാപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റൈറ്റണ്‍-ഷീബ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയതാണ് സില്‍ട്ടണ്‍.