തൃശൂർ: തൃശൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ചു. പുലിക്കണ്ണി കള്ളായി റോഡിൽ കവരംപിള്ളിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. കാരികുളം പാലച്ചുവട് ആൽബിന്റെ ഭാര്യ നീതു (24) ആണ് മരിച്ചത്.
റോഡിൽ ഇറക്കത്തുവച്ച് കുറുകെ ചാടിയ നായ ഓട്ടോയുടെ മുൻചക്രത്തിൽ കുടുങ്ങിയതാണ് അപകടത്തിനിടയാക്കിയത്. റോഡിലേക്കു തെറിച്ചുവീണ നീതുവിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ മറിഞ്ഞു കിടക്കുന്നതുകണ്ടു സമീപവാസികൾ ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഓട്ടോ ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് അതുവഴി വന്ന യാത്രക്കാരുടെ സഹായത്തോടെ ഓട്ടോ ഉയർത്തിയ ശേഷമാണു നീതുവിനെ പുറത്തെടുത്തത്.
ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ പതിനഞ്ചു മിനിറ്റോളം നീതു വഴിയിൽ കിടന്നു. കുറച്ചുസമയത്തിനുശേഷം വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരണം സംഭവിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന നീതുവിന്റെ അമ്മ ആനി, മക്കളായ മൂന്നര വയസുള്ള നോയൽ, നാലുമാസം പ്രായമായ ആരോണ്‍ എന്നിവർക്കു നിസാര പരിക്കേറ്റു. മക്കൾക്കു പനി ബാധിച്ചതിനെതുടർന്നു പുതുക്കാട് ഡോക്ടറെ കണ്ടു നീതുവിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു വീടിനടുത്ത് അപകടമുണ്ടായത്.